കാസർകോട്: ജില്ലയിൽ നിന്ന് മോഷണം പോയ ബൈക്ക് വാഹന പരിശോധനയിൽ കണ്ടെത്തി ഉടമസ്ഥന് തിരികെ നൽകി. എന്‍ഫോഴ്‌സ്‌മെന്‍റ് വിഭാഗത്തിന്‍റെ രാത്രികാല പരിശോധനയിലാണ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ബൈക്ക് കണ്ടെത്തിയത്. കാസർകോട് പുതിയ ബസ് സ്റ്റാന്‍റ് പരിസരത്തെ ടാക്‌സി സ്റ്റാന്‍റിനോട് ചേര്‍ന്നായിരുന്നു കെ.എല്‍. 59 യു 9959 രജിസ്‌ട്രേഷന്‍ നമ്പറിലെ സ്‌കൂട്ടര്‍ കണ്ടത്.
വാഹനത്തിന്‍റെ രേഖകള്‍ പരിശോധിച്ചപ്പോഴാണ് വാഹനത്തിന്‍റെ ഉടമയുടെ വിവരങ്ങള്‍ ലഭിച്ചതും ഫോണില്‍ ബന്ധപ്പെട്ടതും. ഈ വാഹനം പയ്യന്നൂരില്‍ നിന്നും രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് കളവുപോയതാണെന്ന് കണ്ടെത്തിയതോടെ പയ്യന്നൂര്‍ പൊലീസുമായി ബന്ധപ്പെട്ടാണ് വാഹനം കൈമാറിയത്. കാസർകോട് ആര്‍ ടി ഒ എന്‍ഫോഴ്‌സ്‌മെന്‍റ് വിഭാഗം എം.വി.ഐമാരായ കൃഷ്ണകുമാര്‍, നിസാര്‍, എ എം.വിമാരായ ജയരാജ് തിലക്, അരുണ്‍ രാജ്, സുധിഷ് എം എന്നിവര്‍ വാഹന പരിശോധക്ക് നേതൃത്വം നല്‍കി.
എല്ലാ വാഹന ഉടമകളും മൊബൈല്‍ നമ്പര്‍ നിര്‍ബന്ധമായും സോഫ്റ്റ്‌വെയറില്‍ അപ്‌ഡേറ്റ് ചെയ്യണമെന്നും ഇതുപോലുള്ള സാഹചര്യങ്ങളില്‍ ഉടമസ്ഥനുമായി വേഗത്തില്‍ ബന്ധപ്പെടാനും നിജസ്ഥിതി മനസിലാക്കാനും ഇതിലൂടെ കഴിയുമെന്നും എന്‍ഫോഴ്‌സ്‌മെന്‍റ് ആര്‍.ടി.ഒ ടി.എം. ജേഴ്‌സണ്‍ അറിയിച്ചു.