കാസര്‍കോട്: വീടുകളിൽ റൂം ക്വാന്‍റൈനില്‍ കഴിയുന്നവർ നിര്‍ദ്ദേശം ലംഘിക്കാൻ ശ്രമിച്ചാൽ പിടിവീഴും. കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ശക്തമായ നിരീക്ഷണം നടത്തുന്നതിന് ജനമൈത്രി പൊലീസിനൊപ്പം പൊലീസ് വളണ്ടിയർമാരുമുണ്ടാകും. സംസ്ഥാന സര്‍ക്കാറിന്‍റെ സാമൂഹ്യ സന്നദ്ധ സേന പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവരില്‍ നിന്ന് തെരഞ്ഞെടുത്ത രണ്ട് വനിതകൾ ഉൾപ്പെടെ 277 സന്നദ്ധ പ്രവർത്തകരെയാണ് ജില്ലയിലെ പൊലീസ് സ്‌റ്റേഷന്‍ പരിധികളില്‍ പൊലീസ് വളണ്ടിയര്‍മാരായി നിയോഗിച്ചത്.
ലോക് ഡൗണ്‍ കാലത്ത് ജില്ലയിലെ വയോധികരെ സന്ദര്‍ശിക്കുകയും അവരുടെ ക്ഷേമ പ്രവൃത്തനങ്ങള്‍ക്ക് ഇവര്‍ മുന്‍കൈ എടുക്കുകയും ചെയ്യും. ഇതിന് പുറമേ പ്രകൃതി ദുരന്തങ്ങളുമായി ബന്ധപ്പെട്ട സാഹചര്യങ്ങളിലും പൊലീസിനൊപ്പം സേവനത്തിന് വളണ്ടിയര്‍മാരുമുണ്ടാകും. ഹോസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് രണ്ട് വനിതാ പൊലീസ് വളണ്ടിയര്‍മാരാണുള്ളത്.
പൊലീസ് വളണ്ടിയര്‍മാരായി നിയോഗിക്കുന്നതിന് മുന്നോടിയായി ജില്ലാ പൊലീസ് മേധാവി പി.എസ് സാബു ഇവര്‍ക്ക് ആം ബാന്‍ഡ് നല്‍കി. പൊലീസ് വളണ്ടിയേഴ്‌സ് എന്ന് മഞ്ഞ അക്ഷരത്തിലെഴുതിയ ആം ബാന്‍ഡ് ധരിച്ചാണ് ഇവര്‍ പൊലീസിനൊപ്പം സേവനത്തിനിറങ്ങുക.