കാസർകോട്: മാറി മറിഞ്ഞ പേരുകള്‍ക്കൊടുവില്‍ കാസര്‍കോട് എന്‍. എ. നെല്ലിക്കുന്നിനെ വീണ്ടും മത്സരരംഗത്തിറക്കി മുസ്ലീം ലീഗ്. ലീഗിന് അടിപതറാത്ത മണ്ഡലത്തില്‍ സിറ്റിങ് എംഎല്‍എയ്ക്ക് പകരം ലീഗ് ജില്ലാ ഭാരവാഹികളെ ഉള്‍പ്പെടെ പരിഗണിച്ചിരുന്നുവെങ്കിലും അവസാന നിമിഷമാണ് നെല്ലിക്കുന്നിന് നറുക്ക് വീണത്. കല്ലട്ര മാഹിന്‍ ഹാജി, ടി ഇ അബ്ദുല്ല അടക്കമുള്ള നേതാക്കളുടെ പേരായിരുന്നു കാസര്‍കോട്ട് ലീഗ് നേതൃത്വം ആദ്യം പരിഗണിച്ചത്. ഒരു ഘട്ടത്തില്‍ കെ. എം. ഷാജി വരുമെന്നുള്‍പ്പെടെ പ്രചാരണം വന്നു. ഷാജിക്കെതിരെ ജില്ലാ നേതൃത്വം എതിര്‍പ്പറിയിച്ചതോടെയാണ് തീരുമാനത്തില്‍ നിന്നും ലീഗ് പിന്‍മാറിയത്.
ജില്ലയ്ക്ക് ഒരു മന്ത്രിസ്ഥാനം ലഭിക്കുകയാണെങ്കില്‍ നെല്ലിക്കുന്നിനെ വീണ്ടും പരിഗണിക്കണമെന്ന ലീഗ് ജില്ലാ നേതൃത്വത്തിന്‍റെ സമവായ നിര്‍ദേശമാണ് ഒടുവില്‍ പരിഗണിക്കപ്പെട്ടത്. മൂന്നാം തവണയും ജനവിധി തേടുമ്പോള്‍ വര്‍ധിച്ച ആത്മവിശ്വാസമുണ്ടെന്ന് എന്‍. എ. നെല്ലിക്കുന്ന് വ്യക്തമാക്കി. മുസ്ലിംലീഗ് തന്നില്‍ അര്‍പ്പിച്ച വിശ്വാസമാണ് വീണ്ടുമൊരു അവസരം നല്‍കിയതിലൂടെ പ്രകടമാകുന്നത്. കഴിഞ്ഞ പത്ത് വര്‍ഷ കാലം മണ്ഡലത്തില്‍ നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ വോട്ടായി മാറുമെന്നും എന്‍. എ. നെല്ലിക്കുന്ന് പറഞ്ഞു.