കാസർകോട് : കാസർകോട് പെരിയ ഇരട്ടക്കൊലപാതക കേസുമായി ബന്ധപ്പെട്ട് സി.പി.എം കാസർകോട് ജില്ല സെക്രട്ടറിയേറ്റ് അംഗം വി.പി.പി മുസ്‌തഫയെ സിബിഐ സംഘം ചോദ്യം ചെയ്തു. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍റെ പ്രൈവറ്റ് സെക്രട്ടറി കൂടിയാണ് വി.പി.പി മുസ്‌തഫ. കാസർകോട് റസ്റ്റ്ഹൗസിൽവച്ചായിരുന്നു ഡിവൈ.എസ്.പി ടി.പി അനന്തകൃഷ്‌ണന്‍റെ നേതൃത്വലുള്ള സംഘത്തിന്‍റെ മൊഴിയെടുക്കല്‍.
ചോദ്യം ചെയ്യൽ ഒരു മണിക്കൂറോളം നീണ്ടു. ആദ്യം കേസ് അന്വേഷിച്ചിരുന്ന ക്രൈംബ്രാഞ്ച് മുസ്‌തഫയെ കുറ്റപത്രത്തിൽ സാക്ഷിയാക്കിയിരുന്നു. കഴിഞ്ഞ ദിവസം സി.പി.എം പ്രാദേശിക നേതാക്കളില്‍ നിന്നും മൊഴിയെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് മുസ്‌തഫയെയും ചോദ്യം ചെയ്തത്.
കൃപേഷും ശരത്‌ലാലും കൊല്ലപ്പെടാനിടയായ ഇരട്ടക്കൊലയ്ക്ക് മുമ്പ് പെരിയ - കല്യോട്ട് നടന്ന സിപിഎം പ്രതിഷേധ പൊതുയോഗത്തിൽ മുസ്‌തഫ നടത്തിയ പ്രസംഗത്തിലെ ചില പരാമർശങ്ങൾ വിവാദമായിരുന്നു.
ആദ്യം കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘം ഇതിന്‍റെ പശ്ചാത്തലത്തിൽ മുസ്‌തഫയെ ചോദ്യം ചെയ്തു. പ്രസംഗം വിവാദമായപ്പോൾ വാക്കുകൾ വളച്ചൊടിച്ച് തെറ്റിദ്ധാരണ സൃഷ്‌ടിച്ചതാണെന്ന വിശദീകരണവുമായി മുസ്‌തഫ രംഗത്തുവരികയും ചെയ്‌തിരുന്നു.
കൂടുതൽ പേരെ വരും ദിവസങ്ങളിൽ ചോദ്യം ചെയ്യലിന് വിളിപ്പിക്കുമെന്നാണ് സൂചന. കേസിൽ ഡിസംബർ നാലിനകം കുറ്റപത്രം സമർപ്പിക്കാനാണ് സിബിഐയോട് ഹൈക്കോടതി നിർദേശിച്ചിട്ടുള്ളത്.