കാസർകോട്: ദൈവശാപം കിട്ടിയ ക്ഷേത്രം... കാസർകോട് കാനത്തും മൂലയിലെ വൈരജാതൻ ക്ഷേത്രത്തെ ഇങ്ങനെയാണ് നാട്ടുകാർ ഇപ്പോൾ വിശേഷിപ്പിക്കുന്നത്. കാടുപിടിച്ച ക്ഷേത്ര ഭൂമിയും പൊട്ടിപ്പൊളിഞ്ഞ ക്ഷേത്രത്തിന്‍റെ അസ്ഥികൂടവും തഞ്ചാവൂർ ശില്പികൾ കൊത്തിയെടുത്ത ചിതറിക്കിടക്കുന്ന നന്ദിനി പശുവും നിരവധി വിഗ്രഹങ്ങളും കാണുമ്പോൾ ശരിക്കും ഇത് ശാപം തന്നെ. പൂജിക്കേണ്ട പള്ളിവാൾ മണിക്കിണറിൽ കിടക്കുന്നു. നാലുകോടി ചെലവഴിച്ചിട്ടും അഭിവൃദ്ധിപ്പെടാത്ത തഞ്ചാവൂർ മോഡലാണ് ഈ വൈരജാതൻ ക്ഷേത്രം.
വൈരജാതൻ ചിട്ടി
ചിട്ടി നടത്തി പരിചയവും ദൈവ വിശ്വാസവും ഉള്ള വൈനിങ്ങാൽ കൃഷ്ണനാണ് ക്ഷേത്രവും കാവിലെ കുറിയെന്ന പേരിൽ ചിട്ടിയും ആരംഭിക്കുന്നത്. തറവാട്ടിൽ നിന്ന് ഒരു ദിവസം വൈരജാതൻ തന്‍റെ കൂടെ വന്ന് മാടം നിക്കുന്ന സ്ഥലത്ത് കുടികൊണ്ടു എന്നാണ് കൃഷ്‌ണന്‍റെ അവകാശവാദം. നീലേശ്വരം ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന കാവിലെ കുറി എന്ന പേരിലുള്ള ചിട്ടി കമ്പനിയിലേക്ക് ചിറ്റാളന്മാരായി ഗ്രാമത്തിന് അപ്പുറത്ത് നിന്ന് പോലും ആളുകൾ എത്തി. മുഴക്കോത്ത് സി.വി തറവാട്ടിൽ ചിട്ടി നടത്തിപ്പുകാരിൽ പ്രമുഖനായിരുന്നു വൈനിങ്ങാൽ കൃഷ്ണൻ. ഈ അനുഭവമാണ് കോടികൾ മുതലിറക്കിയുള്ള കാവിലെ എന്ന പേരിലുള്ള ചിട്ടി കമ്പനി തുടങ്ങാൻ വിശ്വാസവും പ്രേരണയുമായത്.
ഈ കുറി പിന്നീട് വൈരജാതൻ ചിട്ടി എന്ന നിലയിൽ വളർന്നു. രജിസ്ട്രേഷൻ പൂർത്തിയാക്കി വൈരജാതൻ ചിട്ടി മലബാറിലെ മൂന്ന് ജില്ലകളിലും ഏജന്‍റുമാരെ വച്ച് പണം പിരിച്ച് വലിയ രീതിയിലേക്ക് വളർന്നു. ചിട്ടി നല്ല നിലയിൽ നടക്കുന്നതിനിടെ കൃഷ്ണൻ തന്‍റെ നാടായ കാനത്തും മൂലയിൽ വൈരജാതന്‍റെ പേരിൽ ഒരു ക്ഷേത്രത്തിനും തുടക്കം കുറിച്ചു.
ചിട്ടിയുടെ തകർച്ചയോടെ നവീകരണം നിലച്ചു
ചെറിയൊരു മാടം ഉണ്ടാക്കിയാണ് വൈരജാതനെ കുടിയിരുത്തിയത്. തുടർച്ചയായ മൂന്ന് വർഷം നാട്ടുകാരെ സഹകരിപ്പിച്ച് ഉത്സവവും നടത്തി. ചിട്ടി അഭിവൃദ്ധിപ്പെടുന്നതിന് അനുസരിച്ച് ക്ഷേത്രവുമായി ബന്ധപ്പെട്ട നിർമ്മാണങ്ങളും പുരോഗമിച്ചു. ക്ഷേത്ര നവീകരണ പ്രവർത്തനം പുരോഗമിക്കുന്നതിനിടെയാണ് ചിട്ടിയുടെ തകർച്ച തുടങ്ങിയത്.
ഇതോടെ ക്ഷേത്ര നവീകരണവും തടസപ്പെട്ടു. ചിട്ടി പൊട്ടി എന്ന പ്രചരണം കൂടി ആയപ്പോൾ ചിറ്റാളന്മാർ കൂട്ടത്തോടെ എത്തി ബഹളം വെച്ചു പണം പിൻവലിക്കാൻ തുടങ്ങി. ഈ അവസരം മുതലെടുത്ത് ഏജന്‍റുമാർ കൃഷ്ണനെ കബളിപ്പിച്ച് ചിറ്റാളന്മാരിൽ നിന്ന് പിരിച്ച് ലക്ഷങ്ങൾ കമ്പനിയിൽ അടക്കാതെ മുങ്ങിയെന്നും പറയപ്പെടുന്നു. ചിട്ടിപ്പണം മുഴുവൻ ക്ഷേത്രത്തിന് വിനിയോഗിച്ചു എന്ന പ്രചാരണവും നടന്നു. ഒടുവിൽ പണം തിരിച്ച് നൽകാൻ കഴിയാത്തതോടെ കമ്പനി പൂർണമായി തകരുകയും ചെയ്‌തു.
കൃഷ്ണന്‍റെ പേരിൽ ആയിരത്തിലധികം കേസുകൾ
കൃഷ്ണൻ ജയിലിൽ ആയതോടെ ക്ഷേത്ര നിർമാണവും പാതിവഴിയിലായി. കൃഷ്ണന്‍റെ പേരിൽ ആയിരത്തിലധികം കേസുകളാണ് ഉണ്ടായിരുന്നത്. പണം കിട്ടാത്തവരിൽ പലരും നിർമാണത്തിലിരിക്കുന്ന ക്ഷേത്രത്തിന്‍റെ കടത്താൻ കഴിയുന്ന മുഴുവൻ സാധനങ്ങൾ മോഷ്‌ടിച്ചു. മാടത്തിൽ പ്രതിഷ്ഠിച്ചിരുന്ന പള്ളിവാളും ആളുകൾ കടത്തുമെന്ന ഘട്ടം വന്നപ്പോൾ ക്ഷേത്രം തന്ത്രി തിരുവായുധം മണിക്കിണറിലിട്ട് സംരക്ഷിച്ചു. വൈരജാതൻ ഈശ്വരന്‍റെ മാടത്തിന് ചുറ്റു മതിൽ പാടില്ലെന്നും കാലാവസ്ഥ മാറ്റമനുസരിച്ച് മഴയും മഞ്ഞും വെയിലും മാടത്തിൽ പതിയണമെന്നുമാണ് വിശ്വാസം.
കൃഷ്ണൻ മാടത്തിന് ചുറ്റുമതിൽ കെട്ടിയതും മേൽക്കൂര പണിതതും ദൈവകോപത്തിന് കാരണമായെന്ന് നാട്ടുകാർ പറയുന്നു. ക്ഷേത്രം നവീകരണം നിർത്തിയതോടെ സാമൂഹിക വിരുദ്ധരുടെ താവളമായി ക്ഷേത്രം മാറി. നാഗാലയവും അനുബന്ധമായി പണിത കെട്ടിടങ്ങളും മദ്യക്കുപ്പികൾകൊണ്ട് നിറഞ്ഞു. മദ്യപാനം അവസാനിപ്പിക്കുവാനായി ബോർഡ് സ്ഥാപിച്ചെങ്കിലും ഫലമുണ്ടായില്ല. ചിട്ടി പൊളിഞ്ഞ് വർഷങ്ങൾ കഴിഞ്ഞിട്ടും ക്ഷേത്രത്തിന്‍റെ കാര്യം ഇപ്പോഴും തീരുമാനമായിട്ടില്ല.
ALSO READ: അസമിൽ കാടിറങ്ങി ആനക്കൂട്ടം; കുട്ടികൾ മുതല്‍ കൊമ്പൻമാർ വരെ... ദൃശ്യങ്ങൾ വൈറല്‍