കാസർകോട്: കേരള കേന്ദ്ര സർവകലാശാലയിൽ വിദ്യാർത്ഥിനിക്ക് നേരയുണ്ടായ ലൈംഗികാതിക്രമത്തിൽ അധ്യാപകനെതിരെ കേസെടുത്ത് പൊലീസ്. ഇംഗ്ലീഷ് വിഭാഗം അസി. പ്രൊഫസർ ഇഫ്‌തിർഖർ അഹമ്മദിനെതിരെയാണ് ബേക്കൽ പൊലീസ് ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തത്. ഐപിസി (Indian Penal Code ) 354, 509 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്‌റ്റർ ചെയ്‌തിട്ടുള്ളത്.
അധ്യാപകനെ സർവകലാശാലയിൽ നിന്ന് നേരത്തെ സസ്പെൻഡ് ചെയ്‌തിരുന്നു. ആഭ്യന്തര പരാതി സമിതിയുടെ പ്രാഥമികാന്വേഷണത്തിൽ പെൺകുട്ടിയുടെ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടതിനെ തുടർന്നായിരുന്നു തുടർ നടപടി.
പരാതിയെത്തുടർന്ന് രണ്ടാഴ്‌ചയായി ഇയാളെ ക്ലാസെടുക്കുന്നതിൽ നിന്ന് വിലക്കിയിരുന്നു. സസ്പെൻഷൻ നടപടിയുടെ കാലയളവിൽ മുൻകൂട്ടി അനുമതിയില്ലാതെ സർവകലാശാല ആസ്ഥാനം വിട്ടുപോകാൻ പാടില്ലെന്നും വൈസ് ചാൻസലർ ചുമതലയുള്ള ഡോ. കെ.സി. ബൈജു നൽകിയ സസ്പെൻഷൻ ഉത്തരവിൽ പറഞ്ഞിരിന്നു.
നവംബർ 13-നാണ് പരാതിക്കാധാരമായ സംഭവം നടന്നത്. ഇന്‍റേണൽ പരീക്ഷയ്ക്കിടയിൽ ബോധരഹിതയായ വിദ്യാർഥിനിയെ ആശുപത്രിയിൽ കൊണ്ടുപോകും വഴി ഇയാൾ മോശമായി സ്‌പർശിച്ചുവെന്നും ക്ലാസിൽ വെച്ച് അശ്ലീലച്ചുവയോടെ സംസാരിക്കുന്നുവെന്നുമാണ് വിദ്യാർഥിനികൾ പരാതിപ്പെട്ടത്.
also read :ബസിൽ സ്‌ത്രീക്ക് നേരെ ലൈംഗികാതിക്രമം ; അറസ്‌റ്റിലായ പൊലീസുകാരന് സസ്‌പെന്‍ഷന്‍