കാസർകോട് : സ്‌കൂൾ അസംബ്ലിയിൽ വച്ച് അധ്യാപിക അഞ്ചാം ക്ലാസ് വിദ്യാർഥിയുടെ മുടി മുറിച്ച സംഭവത്തിൽ ബാലാവകാശ കമ്മിഷൻ (Child Rights Commission) സ്വമേധയാ കേസെടുത്തു (Teacher Cuts Student's Hair In Assembly). ചിറ്റാരിക്കാൽ എസ്എച്ച്ഒ, കാസർകോട് ഡിഡി എന്നിവരോട് കമ്മിഷന്‍ റിപ്പോർട്ട് തേടി. സംഭവത്തിൽ പ്രധാന അധ്യാപികയ്ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.
കോട്ടമല എംജിഎം എയുപി സ്‌കൂളിൽ ഈ മാസം 19നായിരുന്നു സംഭവം. ദലിത് വിദ്യാർഥിയുടെ തലമുടി സ്‌കൂൾ അസംബ്ലിയിൽ വച്ച് പ്രധാന അധ്യാപിക പരസ്യമായി മുറിച്ചതായാണ് പരാതി. രക്ഷിതാവിന്‍റെ പരാതിയിലാണ് അധ്യാപികക്കെതിരെ ചിറ്റാരിക്കാൽ പൊലീസ് ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുത്തത് (Child Rights Commission on Teacher Cuts Student's Hair).
കേസ് പിന്നീട് കാസർകോട് ഡിവൈഎസ്‌പി ഏറ്റെടുത്തിരുന്നു. അദ്ദേഹത്തിന്‍റെ നേതൃത്വത്തിൽ സ്‌കൂളിലെത്തിയ അന്വേഷണ സംഘം മുറിച്ചു മാറ്റിയ മുടി കസ്റ്റഡിയിലെടുത്തു. അഞ്ചാം ക്ലാസിൽ പഠിക്കുന്ന ആൺകുട്ടിയുടെ മുടിയാണ് അധ്യാപിക വെട്ടിമാറ്റിയത്. കുട്ടി സ്‌കൂളിൽ വരാതിരുന്നതിനെ തുടര്‍ന്ന് എസ് സി പ്രൊമോട്ടർ അന്വേഷിച്ച് എത്തിയതോടെയാണ് സംഭവം പുറത്ത് വന്നത്. ഇതോടെ വ്യാപക പ്രതിഷേധം ഉയരുകയായിരുന്നു.