കാസർകോട് : ലോക്ക്ഡൗണ്‍ പ്രതിസന്ധിയിലാക്കിയ ഒട്ടേറെ ജീവിതങ്ങൾ നമുക്ക് ചുറ്റുമുണ്ട്. അത്തരക്കാർക്ക് ആശ്വാസമാവുകയാണ് കാസർകോട് നഗരത്തിലെ സ്വാമി കൊറഗജ്ജ ഹോട്ടലിന്‍റെ ഉടമകളും സുഹൃത്തുക്കളും. ലോക്ക്ഡൗണിനെ തുടർന്ന് നഗരത്തിൽ കഴിയുന്ന അന്യ സംസ്ഥാന തൊഴിലാളികൾക്കും തെരുവിൽ അലഞ്ഞ് നടക്കുന്നവർക്കും ഭക്ഷണം നൽകുകയാണിവർ. ദിവസവും രണ്ട് നേരം ചോറും അച്ചാറും, പപ്പടവും, രണ്ട് കറികളുമടങ്ങിയ വിഭവ സമൃദ്ധമായ ഭക്ഷണമാണ് പുതിയ ബസ് സ്റ്റാന്‍റിലെ സ്വാമി കൊറഗജ്ജ ഹോട്ടൽ ലഭ്യമാക്കുന്നത്.
Also Read:പ്രാണവായു തേടി കാസർകോട് ജില്ല, സിലിണ്ടർ ചലഞ്ചിന് മികച്ച പ്രതികരണം
ആദ്യം ഒരു നേരമാണ് ഭക്ഷണം വിതരണം ചെയ്‌തിരുന്നത്. പിന്നീട് ആളുകളുടെ ബുദ്ധിമുട്ട് തിരിച്ചറിഞ്ഞ് രണ്ടുനേരമാക്കുകയായിരുന്നുവെന്ന് ഹോട്ടലുടമകളിൽ ഒരാളായ വിനോദ് പറയുന്നു. വിനോദിനൊപ്പം സുഹൃത്ത് ചരണ്‍ രാജും ചേർന്നാണ് ഹോട്ടൽ നടത്തിപ്പ്. കാസര്‍കോട് സിവില്‍ സ്‌റ്റേഷനിൽ ക്യാന്‍റീന്‍ നടത്തുന്നതിൽ നിന്ന് കിട്ടുന്ന വരുമാനത്തിലെ ഒരു വിഹിതം കൊണ്ടാണ് ഭക്ഷണ വിതരണം. ആദ്യ ദിവസങ്ങളില്‍ വലിയ തിരക്കുണ്ടായിരുന്നില്ലെങ്കിലും പോകെപ്പോകെ ഭക്ഷണം തേടി നിരവധി പേർ എത്തിത്തുടങ്ങിയെന്ന് ഹോട്ടലുടമകൾ പറയുന്നു.