കാസർകോട്: പെരിയ ആരോഗ്യ സര്‍വകലാശാലയിലെ കലോത്സവത്തിനിടെയുണ്ടായ എസ്എഫ്ഐ ആക്രമണത്തില്‍ നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റെന്ന് പരാതി. കോഴിക്കോട് മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികള്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ (സെപ്‌റ്റംബര്‍ 5) വൈകീട്ടാണ് സംഭവം.
കലോത്സവത്തിലെ ഫലപ്രഖ്യാപനത്തിനെ ചോദ്യം ചെയ്തതിനെ തുടര്‍ന്നായിരുന്നു ആക്രമണം. സെപ്‌തംബര്‍ ഒന്നിന് പെരിയ സിമെറ്റ് നഴ്‌സിങ് കോളജില്‍ ആരംഭിച്ച കലോത്സവത്തിന്‍റെ സമാപന ചടങ്ങുകള്‍ക്കിടെയാണ് ആക്രമണമുണ്ടായത്.
അഞ്ച് ഇനങ്ങളിൽ കൃത്യമായ കാരണമില്ലാതെ കോഴിക്കോട് മെഡിക്കൽ കോളജിനെ ആയോഗ്യരാക്കി എന്നാരോപിച്ച് വിദ്യാർഥികൾ രംഗത്തുവന്നിരുന്നു. ഇത് ചോദ്യം ചെയ്ത വിദ്യാർഥികൾ കോളജിന് ലഭിച്ച ഓവറോൾ കിരീടം സ്വീകരിക്കാതെ പ്രതിഷേധിച്ചു. ഇതിൽ പ്രകോപിതരായാണ് കലോത്സവത്തിന്‍റെ പ്രധാന സംഘാടകരായ എസ്.എഫ്.ഐ പ്രവർത്തകർ ആക്രമണം അഴിച്ചുവിട്ടതെന്ന് വിദ്യാർഥികൾ ആരോപിച്ചു.
ക്യാമ്പസിൽ ഏറെ സമയം തടഞ്ഞുവയ്ക്കുകയും പിന്നീട് മർദിക്കുകയും ചെയ്തുവെന്നാണ് വിദ്യാർഥികളുടെ പരാതി. തുടർന്ന് പൊലീസ് എത്തിയാണ് വിദ്യാർഥികളെ കാമ്പസിൽ നിന്ന് പുറത്തെത്തിച്ചത്.