കാസർകോട്: ജില്ലയില്‍ വീണ്ടും തെരുവു നായ ആക്രമണം. തെരുവ് നായ്ക്കൾ കൂട്ടത്തോടെ വയോധികയെ കടിച്ചു കീറി. ബേക്കലിൽ ഭാരതിയാണ് (65) തെരുവുനായയുടെ ക്രൂരമായ ആക്രമണത്തിന് ഇരയായത്.
ദേഹമാസകലം പരിക്കേറ്റ ഭാരതി കാസർകോട് ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്ന് രാവിലെ ക്ഷേത്രം ശുചീകരിക്കാൻ പോകുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. അതേസമയം സംസ്ഥാനത്ത് പലയിടങ്ങളിലും തെരുവുനായ ആക്രമണം റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്.
കൊട്ടാരക്കര എഴുകോണില്‍ നിരവധി പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു. കൊല്ലത്ത് രണ്ടിടങ്ങളിലാണ് ഇന്ന് തെരുവുനായ ആക്രമണം ഉണ്ടായത്. കുന്നത്തൂർ കാരാളിമുക്കിൽ യുവാവിനെ തെരുവ് നായ ഓടിച്ചു. കാറിന്‍റെ ബോണറ്റിന് മുകളിൽ ചാടിക്കറിയാണ് യുവാവ് രക്ഷപ്പെട്ടത്.
അതേസമയം തെരുവ് നായ്ക്കളെ പേടിച്ച് പുറത്ത് ഇറങ്ങാൻ കഴിയാത്ത അവസ്ഥയാണെന്നും തെരുവുനായ ശല്യം തടയാൻ ഇടപെടല്‍ അനിവാര്യമാണെന്നും മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് പ്രതികരിച്ചു. കണ്ണൂർ മുഴുപ്പിലങ്ങാട് കുട്ടികൾക്ക് നേരെ തെരുവുനായ ആക്രമണമുണ്ടായതിൽ, മനുഷ്യാവകാശ കമ്മിഷൻ രണ്ട് കേസുകൾ എടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം ചെറുവത്തൂരില്‍ തെരുവുനായ മധ്യവയസ്ക്കന്‍റെ കീഴ്‌ചുണ്ട് കടിച്ച് പറിച്ചിരുന്നു. തിമിരി കുതിരം ചാലിലെ കെ കെ മധുവിനാണ് പരിക്കേറ്റത്. തമിഴ്‌നാട് സ്വദേശിയെയും തെരുവു നായ ആക്രമിക്കുകയുണ്ടായി. ഡിണ്ടിഗൽ സ്വദേശി ഗണേശന്‍റെ കാലിനാണ് നായ കടിച്ചത്. ഇതിന്‍റെ ദൃശ്യവും പുറത്ത് വന്നിരുന്നു. ആക്രമണത്തില്‍ ഗണേശന് സാരമായി പരിക്കേറ്റിരുന്നു. ചൂല് വില്‍പനക്കിടെയാണ് ഗണേശന് കടിയേറ്റത്.
Also Read: Stray Dog Attack video| നടന്നുപോയ ആളുടെ കാലില്‍ കടിച്ച് തെരുവുനായ, സംഭവം രാവിലെ കാസർകോട് ടൗണില്‍
കാസർകോട് ജില്ലയില്‍ നേരത്തെ തെരുവ് നായയുടെ ആക്രമണത്തില്‍ രണ്ട് കുട്ടികൾക്ക് പരിക്കേറ്റിരുന്നു. വീട്ടുവരാന്തയില്‍ കളിക്കുകയായിരുന്ന പെര്‍ള കുതുവയിലെ രണ്ടര വയസുകാരി മറിയം താലിയ, ബദിയഡുക്ക ഉക്കിനടുക്കയിലെ ഏഴ് വയസുകാരി ഐസ ഫാത്തിമ എന്നിവരെയാണ് തെരുവുനായ ആക്രമിച്ചത്. ട്യൂഷന്‍ കഴിഞ്ഞുള്ള മടക്കയാത്രയിലാണ് ഫാത്തിമയെ തെരുവ് നായ ആക്രമിച്ചത്. ആക്രമണത്തില്‍ കുട്ടികള്‍ക്ക് അരയ്ക്കും കാലിനും പരിക്കേറ്റിരുന്നു.
ജില്ല ആസ്ഥാനത്ത് ഉൾപ്പെടെ ബസ് സ്റ്റാൻഡുകളിൽ തെരുവ് നായ ശല്യം രൂക്ഷമാണ്. ഇടവഴികൾ തെരുവ് നായ്ക്കളുടെ വിഹാര കേന്ദ്രങ്ങളാണ്. വിദ്യാലയങ്ങളിലേക്ക് നടന്നു പോകുന്ന കുട്ടികള്‍ തെരുവുനായ ഭീതിയിലാണ് സ്‌കൂളിലെത്തുന്നത്. എബിസി കേന്ദ്രത്തിന്‍റെ പ്രവർത്തനം നവീകരിച്ചും നിയന്ത്രണ നടപടികൾ കർശനമാക്കിയും തെരുവു നായ്ക്കകളിൽ നിന്നു രക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
അതേസമയം സമീപ ജില്ലയായ കണ്ണൂരിലെ ആക്രമണകാരികളായ തെരുവു നായ്‌ക്കളെ ദയാവധം ചെയ്യാന്‍ അനുമതി തേടി ജില്ല പഞ്ചായത്ത് സുപ്രീം കോടതിയെ സമീപിച്ചു. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ പ്രതികരണം തേടിയിരിക്കുകയാണ് സുപ്രീം കോടതി. ജൂലൈ എഴിനകം പ്രതികരണം സത്യവാങ്‌മൂലം സമര്‍പ്പിക്കാനാണ് സംസ്ഥാനത്തോട് സുപ്രീം കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
ഈ മാസം 11 ന് കണ്ണൂര്‍ മുഴപ്പിലങ്ങാട് ഉണ്ടായ ആക്രമണത്തിൽ 11 വയസുള്ള ഭിന്നശേഷിക്കാരനായ ആൺകുട്ടി മരിച്ചിരുന്നു. പിന്നാലെയാണ് ജില്ലയിലെ തെരുവു നായ ആക്രമണങ്ങള്‍ക്കെതിരെ പ്രതികരണം ഉയര്‍ന്നത്. തെരുവുനായ ആക്രമണങ്ങള്‍ നിയന്ത്രിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തിയെങ്കിലും ഭീഷണി തുടരുകയാണെന്നാണ് ജില്ല പഞ്ചായത്ത് ഹര്‍ജിയില്‍ പറയുന്നത്. ജൂലൈ 12നാണ് വിഷയം സുപ്രീം കോടതി വീണ്ടും പരിഗണിക്കുന്നത്.