കാസർകോട് : സംസ്ഥാനത്ത് ട്രെയിനുകൾക്ക് നേരെ കല്ലേറ് തുടരുന്നു. രാജധാനി (Rajdhani Express), വന്ദേ ഭാരത് (Vande bharat express) ട്രെയിനുകൾക്ക് നേരെയാണ് കഴിഞ്ഞ ദിവസം കല്ലേറ് ഉണ്ടായത് (Stone pelting on train kerala). രാജധാനി എക്‌സ്‌പ്രസിന് നേരെ കാഞ്ഞങ്ങാട് (Kanhangad) വച്ചും വന്ദേ ഭാരത് എക്സ്പ്രസിന് നേരെ പരപ്പനങ്ങാടിക്ക് (parappanangadi) അടുത്ത് വച്ചുമാണ് അജ്ഞാതർ കല്ലെറിഞ്ഞത്.
ഇന്നലെ (ഓഗസ്റ്റ് 21) വൈകുന്നേരം 3.40ഓടെയാണ് തിരുവനന്തപുരത്തേക്ക് (Thiruvananthapuram) പോവുകയായിരുന്ന രാജധാനി എക്‌സ്‌പ്രസിന് നേരെ കല്ലേറുണ്ടായത്. കല്ലേറിൽ കോച്ചിന്‍റെ ഗ്ലാസ് പൊട്ടി. ആർക്കും പരിക്കില്ല. കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനും (Kanhangad railway station) കുശാൽനഗർ റെയിൽവേ ഗേറ്റിനും (Kushalnagar railway gate) ഇടയിൽ വച്ചാണ് കല്ലേറ് ഉണ്ടായത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
തിരുവനന്തപുരം ഭാഗത്തേക്ക് പോവുകയായിരുന്ന വന്ദേ ഭാരത് എക്സ്പ്രസിന് നേരെ മലപ്പുറം താനൂരിനും പരപ്പനങ്ങാടിക്കും ഇടയിൽ വച്ചാണ് കല്ലേറ് ഉണ്ടായത്. കല്ലേറിൽ ചില്ലിന് വിള്ളലുണ്ടായി. സംഭവത്തിൽ ആർക്കും പരിക്കില്ല.
തുടരുന്ന ആക്രമണം (attack against train continues) : കഴിഞ്ഞ ദിവസം കോട്ടിക്കുളത്ത് റെയിൽവേ പാളത്തിൽ ചെങ്കല്ലും ക്ലോസറ്റും കണ്ടെത്തിയിരുന്നു. കോയമ്പത്തൂർ മംഗളൂരു ഇന്‍റർസിറ്റി (Coimbatore Mangalore intercity) ട്രെയിനിന്‍റെ ലോക്കോ പൈലറ്റാണ് (loco pilot) ട്രാക്കിൽ കല്ലും ക്ലോസറ്റും കണ്ടത്. ട്രെയിനിന് തടസം സൃഷ്‌ടിക്കുന്ന രീതിയിലാണ് ഇവ വച്ചിരുന്നുത്. എന്നാൽ, ഇതിനു മുകളിലൂടെ ട്രെയിൻ കടന്നുപോകുകയായിരുന്നു.
സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തി വരുന്നതിനിടയിലാണ് കാസർകോട് കല്ലേറ് ഉണ്ടായത്. കഴിഞ്ഞ ആഴ്‌ച മാഹിക്കും തലശ്ശേരിക്കും ഇടയിൽ വന്ദേഭാരതിനും ഈ മാസം 13ന് ചെന്നൈ സൂപ്പർഫാസ്റ്റിന് നേരെയും, നേത്രാവതി എക്‌സ്‌പ്രസിന് നേരെയും, ഓഖ എക്‌സ്‌പ്രസിന് നേരെയും കല്ലേറ് ഉണ്ടായി.
കണ്ണൂർ, കാസർകോട് ജില്ലകളിൽ വച്ചായിരുന്നു കല്ലേറ്. പിന്നാലെ 14ന് കണ്ണപുരത്തിനും പാപ്പിനിശേരിക്കും ഇടയിൽ തുരന്തോ എക്‌സ്‌പ്രസിന് നേരെയും കല്ലേറ് ഉണ്ടായി. 15 ന് കോഴിക്കോടിനും കല്ലായിക്കും ഇടയിൽ യെശ്വന്തപുര എക്‌സ്‌പ്രസിന് നേരെയും കല്ലേറ് ഉണ്ടായി.
കണ്ണൂരിൽ ട്രെയിനിന് നേരെ കല്ലേറ്, ഒരാൾ പിടിയിൽ : നീലേശ്വരത്തിനും മാഹിക്കും ഇടയില്‍ വളപട്ടണത്ത് ട്രെയിനിന് (Train) നേരെ ഉണ്ടായ കല്ലേറിൽ ഒഡിഷ (Odisha) സ്വദേശിയെ പിടികൂടിയിരുന്നു. സര്‍വേശ് എന്നയാളാണ് പൊലീസ് പിടിയിലായത്. നേത്രാവതി എക്‌സ്‌പ്രസിന് നേരെയാണ് ഇയാൾ കല്ലെറിഞ്ഞത്. ഓഗസ്റ്റ് 13, 14 തീയതികളിലായിരുന്നു സംഭവം. കല്ലേറില്‍ ട്രെയിനിന്‍റെ എസി കോച്ചിന്‍റെ ജനല്‍ ചില്ല് തകർന്നു.
പൊലീസും (Police) ആര്‍പിഎഫും (RPF) സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് സർവേശിനെ പിടികൂടിയത്. സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌ത സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്. സംഭവ സമയത്ത് മദ്യലഹരിയിലായിരുന്നുവെന്നും ഒറ്റക്കാണ് ആക്രമണം നടത്തിയതെന്നും പ്രതി പൊലീസിന് മൊഴി നൽകി.