തിരുവനന്തപുരം: സ്റ്റൈപ്പന്‍റ് കിട്ടാതെ സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജുകളിലെ പി.ജി ഡോക്ടർമാർ ദുരിതത്തിൽ. തിരുവനന്തപുരം മെഡിക്കൽ കോളജ് ഉൾപ്പടെയുള്ളയിടങ്ങളിൽ ഫെബ്രുവരി മാസം അവസാനിക്കാൻ പോകുമ്പോഴും ജനുവരിയിലെ സ്റ്റൈപ്പന്‍റ് ഇതുവരെ ലഭിച്ചിട്ടില്ല. ഇതേ തുടർന്ന് സമരത്തിലേക്ക് നീങ്ങാനുള്ള ആലോചനയിലാണ് പി.ജി ഡോക്ടർമാരുടെ സംഘടന. സ്റ്റൈപ്പന്‍റ് മുടക്കുന്നത് തുടർക്കഥയായതോടെ സംഘടനാ നേതാക്കൾ ധനവകുപ്പിനെ സമീപിച്ചെങ്കിലും സാമ്പത്തിക പ്രതിസന്ധി മൂലം സ്റ്റൈപ്പന്‍റ് നൽകാനുള്ള ഫണ്ടില്ല എന്ന മറുപടിയാണ് ലഭിച്ചത്. ഈ സാഹചര്യത്തിലാണ് സമരത്തേക്കുറിച്ച് ഇവർ ആലോചിക്കുന്നത്.
സംസ്ഥാനത്തെ ഹൗസ് സർജന്മാരുടെയും സ്ഥിതിയും സമാനമാണ്. സംസ്ഥാനത്തെ മറ്റു മെഡിക്കൽ കോളജുകളിലും സ്റ്റൈപ്പന്‍റ് ലഭിച്ചത് ഇക്കഴിഞ്ഞ ദിവസങ്ങളിലാണ്. മുൻ മാസങ്ങളിലും സ്റ്റൈപ്പന്‍റ് വൈകിയാണ് ലഭിച്ചത്. ഡിസംബറിൽ സ്റ്റൈപ്പന്‍റ് വൈകിയതിനെ തുടർന്ന് കഴിഞ്ഞ മാസം തൃശൂർ മെഡിക്കൽ കോളജിൽ പി.ജി ഡോക്ടർമാർ സമരത്തിലേക്ക് നീങ്ങിയിരുന്നു. 967 പി.ജി ഡോക്ടർമാരും 250 ഹൗസ് സർജൻമാരുമാണ് തിരുവനന്തപുരം മെഡിക്കൽ മെഡിക്കൽ കോളജിൽ ജോലി ചെയ്യുന്നത്. രാവും പകലും ഇല്ലാതെ അത്യാഹിത വിഭാഗത്തിലും വാർഡിലും ജോലി ചെയ്യുന്ന ഇവർ സമരത്തിലേക്ക് നീങ്ങിയാൽ രോഗികൾ ദുരിതത്തിലാകും.