കാസര്‍കോട്: ജില്ലയില്‍ ക്ഷേത്രദർശനത്തിനെത്തിയ ശ്രീലങ്കൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ മടങ്ങി. ബേള കുമാരമംഗലം സുബ്രഹ്മണ്യ ക്ഷേത്രത്തിൽ സർപ്പദോഷത്തിനുള്ള പ്രത്യേക പൂജകൾക്കായാണ് ഭാര്യ മൈത്രക്കൊപ്പം അദ്ദേഹം സ്വകാര്യ സന്ദർശനം നടത്തിയത്. രാവിലെയായിരുന്നു ക്ഷേത്രദർശനം. ജ്യോത്സ്യന്‍റെ നിർദേശപ്രകാരമായിരുന്നു നാഗപൂജ. തുടർന്ന് പ്രധാനമന്ത്രിക്കായി പ്രത്യേക ആശ്‌ളേഷപൂജ നടത്തി. ഭാര്യയെ കൂടാതെ ശ്രീലങ്കൻ കമ്മിഷണറേറ്റിലെ മുതിർന്ന ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു.
ശ്രീലങ്കൻ പ്രധാനമന്ത്രിയുടെ സന്ദർശന സമയം മറ്റ് ഭക്തരെ ക്ഷേത്രത്തിലേക്ക് കടത്തിവിട്ടില്ല. ശ്രീലങ്കൻ കോൺസുലേറ്റിന്‍റെ നിർദേശമുള്ളതിനാൽ മാധ്യമങ്ങൾക്കും പ്രവേശനം നൽകിയില്ല. അദ്ദേഹം കടന്നു പോകുന്ന വഴിയിലെല്ലാം സുരക്ഷക്കായി പ്രത്യേകം സേനാംഗങ്ങളെ വിന്യസിച്ചിരുന്നു. കഴിഞ്ഞ ദിവസം കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ നവ ചണ്ഡികാ യാഗത്തിൽ പങ്കെടുത്ത ശേഷമാണ് അദ്ദേഹം ജില്ലയിലേക്ക് യാത്രതിരിച്ചത്. ക്ഷേത്ര ദർശനം പൂർത്തിയാക്കിയ ശേഷം റോഡ് മാർഗം ബേക്കലിൽ എത്തി, വ്യോമസേനയുടെ പ്രത്യേക ഹെലികോപ്റ്ററിലാണ് വിക്രമസിംഗെ മടങ്ങിയത്.