കാസർകോട്: അമ്മമാരുടെ പ്രതിഷേധത്തിൽ അധികൃതർ കണ്ണു തുറന്നു. ഭിന്നശേഷിക്കാരായ കുട്ടികളെയുമെടുത്ത് ജില്ല ആശുപത്രിയുടെ മൂന്നാം നില ഇനി കയറി ഇറങ്ങേണ്ട. കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിലെ ഭിന്നശേഷി കുട്ടികളുടെ ചികിത്സ വിഭാഗം താഴത്തെ നിലയിലേക്ക് മാറ്റി. ഒപി ഉൾപ്പടെ മുഴുവൻ സേവനങ്ങളും ഇനി മുതല്‍ താഴത്തെ നിലയിൽ ലഭ്യമാകും.
അമ്മമാരുടെ ദുരിതം ദൃശ്യം സഹിതം ഇടിവി ഭാരത് റിപ്പോർട്ട് ചെയ്‌തിരുന്നു. പിന്നാലെയാണ് നടപടി. വിഷയത്തിൽ നേരത്തെ ഹൈക്കോടതിയും ഇടപെട്ടിരുന്നു. തുടര്‍ന്ന് ജില്ല ജഡ്‌ജ് ആശുപത്രി സന്ദർശിക്കുകയും ചെയ്‌തിരുന്നു. വൈകിയാണെങ്കിലും നടപടി ഉണ്ടായതിൽ സന്തോഷം ഉണ്ടെന്ന് അമ്മമാർ പ്രതികരിച്ചു.
കുട്ടികൾക്ക് ചികിത്സ കിട്ടണമെങ്കിൽ മൂന്ന് നിലകൾ കയറി ഇറങ്ങേണ്ട അവസ്ഥ ആയിരുന്നു ഇതുവരെ. വർഷങ്ങളായി ഭിന്നശേഷി കുട്ടികളുടെ രക്ഷിതാക്കൾ നേരിടുന്ന പ്രശ്‌നമായിരുന്നു ഇത്. പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് അധികാരികൾക്ക് മുന്നിൽ അപേക്ഷിച്ചിട്ടും രക്ഷയുണ്ടായിരുന്നില്ല.
Also Read: ഈ അമ്മമാരുടെ വേദനയും ദുരിതവും നിങ്ങൾ കാണുന്നില്ലേ.... കാസര്‍കോട് ജില്ല ആശുപത്രി അധികൃതർ അറിയണമിത്
ഒടുവിൽ കുട്ടികളെയും എടുത്ത് പ്രതിഷേധവുമായി ആശുപത്രിക്ക് മുന്നിൽ അമ്മമാർ തന്നെ എത്തി. ജില്ല മെഡിക്കൽ ഓഫിസറുമായി ചർച്ചയും നടത്തിയിരുന്നു. എൻഡോസൾഫാൻ ദുരിത ബാധിതരായ കുട്ടികൾ ഉൾപ്പടെയുള്ളവർക്ക് പുതിയ തീരുമാനം ഏറെ ആശ്വാസകരമാകും.
മൂന്നാം നിലയിലെ ചികിത്സ കേന്ദ്രത്തിൽ അടിസ്ഥാന സൗകര്യങ്ങളും പരിമിതമായിരുന്നു. ഇതുവരെയായി ശുചിമുറി പോലും മൂന്നാം നിലയില്‍ ഒരുക്കിയിരുന്നില്ല. കടുത്ത ചൂടിൽ പുറത്ത് കാത്തിരിക്കൻ കൂടി സാധിക്കാത്ത അവസ്ഥയായിരുന്നു ഇവിടെയെത്തുന്ന രോഗികള്‍. ചികിത്സ വിഭാഗം താഴേക്ക് മാറ്റിയതോടെ ഇതിനൊക്കെ പരാഹാരം ഉണ്ടാകും.