കാസർകോട്: ജില്ലയില്‍ പുതുതായി ആറ് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ നാല് പേര്‍ വിദേശത്ത് നിന്നും രണ്ട് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. അബുദാബിയില്‍ നിന്ന് വന്ന ഇരട്ട സഹോദരങ്ങളായ നാല് വയസുളള കാഞ്ഞങ്ങാട് സ്വദേശികള്‍, ദുബായില്‍ നിന്ന് വന്ന കാഞ്ഞങ്ങാട്, അജാനൂര്‍ സ്വദേശികൾ, ഹൈദരാബാദില്‍ നിന്ന് വന്ന കോടോം-ബെളൂര്‍, കയ്യൂര്‍ ചീമേനി സ്വദേശികൾ എന്നിവര്‍ക്കാണ് തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചത്.
അതേസമയം പന്ത്രണ്ട് പേര്‍ ഇന്ന് രോഗ മുക്തരാകുകയും ചെയ്തിട്ടുണ്ട്. പടന്നക്കാട് കൊവിഡ് ചികിത്സാ കേന്ദ്രത്തില്‍ നിന്ന് മംഗല്‍പാടി, ഉദുമ, പളളിക്കര, മടിക്കൈ, പുല്ലൂര്‍ പെരിയ സ്വദേശികള്‍, കാസര്‍കോട് മെഡിക്കല്‍ കോളജില്‍ നിന്ന് കുമ്പള, മടികൈ, കാസര്‍കോട് നഗരസഭാ, മൊഗ്രാല്‍ പുത്തൂര്‍ (രണ്ട്) സ്വദേശികള്‍, ഉദയഗിരി കൊവിഡ് ചികിത്സാ കേന്ദ്രത്തില്‍ നിന്ന് മീഞ്ച, മധൂര്‍ സ്വദേശികൾ എന്നിവര്‍ക്കാണ് കൊവിഡ് നെഗറ്റീവായത്.
വീടുകളില്‍ 6871 പേരും കേന്ദ്രങ്ങളില്‍ 322 പേരുമുള്‍പ്പെടെ 7193 പേരാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. പുതിയതായി 467 പേരെ നീരിക്ഷണത്തിലാക്കി. 617 പേരുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. 504 പേര്‍ നിരീക്ഷണകാലയളവ് പൂര്‍ത്തീകരിക്കുകയും ചെയ്തു.