കാസർകോട്: യുഡിഎഫിന് അനുകൂലമായ സാഹചര്യമാണ് നിലവിലുള്ളതെന്നും തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ അതു വ്യക്തമാകുമെന്നും മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. ഭരണത്തിലിരിക്കുന്ന ഇടതു പക്ഷം നേട്ടങ്ങൾ നിരത്തിയായിരുന്നു തെരഞ്ഞടുപ്പിനെ നേരിടേണ്ടിയിരുന്നത്. എന്നാൽ കോട്ടങ്ങൾക്ക് മറുപടി പറയേണ്ട ഗതികേടിലാണ് അവർ. സർക്കാരിന്‍റെ അവസാന കാലത്ത് അഴിമതിയുടെ ഘോഷയാത്രയാണെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പല സമയത്തും മൂടി വെക്കപ്പെട്ട കാര്യങ്ങളാണ് ഇപ്പോൾ പുറത്തു വരുന്നത്. പ്രതിപക്ഷം ഉണ്ടാക്കി പറയുന്നതല്ല. പ്രതിപക്ഷത്തിന് നേരെ ആരോപണം ഉന്നയിക്കുകയാണ് ഇടത് നേതാക്കൾ ചെയ്യുന്നതെന്നും കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി. ഇതിന്‍റെ ഭാഗമായാണ് അന്വേഷിച്ച് തള്ളിയ കേസുകൾ പോലും ഇപ്പോൾ കുത്തി പൊക്കുന്നത്. സെമി ഫൈനലിലും ഫൈനലിലും ഇടതു മുന്നണിക്ക് പരാജയം ഉണ്ടാകുമെന്നും കുഞ്ഞാലിക്കുട്ടി കാസർകോട് പ്രസ് ക്ലബിലെ മീറ്റ് ദ പ്രസിൽ പറഞ്ഞു.