കാസർകോട് : വിവാഹ വാഗ്‌ദാനം നല്‍കി യുവതിയെ പീഡിപ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്തെന്ന കേസില്‍ സിനിമ-റിയാലിറ്റി ഷോ താരം ഷിയാസ് കരീം അറസ്‌റ്റിൽ (Sexual Assault Case Shiyas Kareem arrested). ഇന്ന് രാവിലെ കാസര്‍കോട് ചന്തേര പൊലീസ് സ്‌റ്റേഷനിൽ എത്തിച്ചതിനു ശേഷമാണ് അറസ്‌റ്റ് രേഖപ്പെടുത്തിയത്. വൈദ്യപരിശോധനയ്ക്കുശേഷം ഹൊസ്‌ദുർഗ് കോടതിയിൽ ഹാജരാക്കും.
ഷിയാസിന് നേരത്തെ ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു (High Court granted interim bail). ജസ്‌റ്റിസ് പി ഗോപിനാഥാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ഭീഷണിപ്പെടുത്തി വൻതുക വാങ്ങാനാണ് യുവതി അടുപ്പം സ്ഥാപിച്ചതെന്ന് ഷിയാസ് ജാമ്യാപേക്ഷയിൽ പറഞ്ഞു. ബുധനാഴ്‌ച ചെന്നൈ വിമാനത്താവളത്തിൽ നിന്നാണ് ഷിയാസ് പിടിയിലായത്. ഷിയാസിനെതിരെ കേരള പൊലീസ് ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ദുബായിൽ നിന്നും ചെന്നൈയിൽ എത്തിയപ്പോൾ തടഞ്ഞുവച്ച് കേരള പൊലീസിനെ അറിയിക്കുകയായിരുന്നു. ചന്തേര പൊലീസ് ചെന്നൈയിലെത്തി ഷിയാസിനെ കസ്‌റ്റഡിയില്‍ എടുക്കുകയും ചെയ്‌തു.
ചെറുവത്തൂർ സ്വദേശിനിയായ 32 കാരിയുടെ പരാതിയിലാണ് ടെലിവിഷൻ പരിപാടികളിലൂടെ ശ്രദ്ധേയനായ ഷിയാസിനെതിരെ കേസ് രജിസ്‌റ്റർ ചെയ്‌തത്. സംഭവത്തിൽ പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. വിവാഹ ബന്ധം വേർപിരിഞ്ഞ യുവതിയെ വിവാഹ വാഗ്‌ദാനം നൽകി 2021 മുതൽ 2023 മാർച്ച് വരെയുള്ള കാലയളവിൽ എറണാകുളത്തെ ലോഡ്‌ജിൽ വച്ചും മൂന്നാറിലെ റിസോർട്ടിൽ വച്ചും പീഡിപ്പിച്ചുവെന്നും പണം തട്ടിയെടുത്തുവെന്നുമാണ് പരാതി. പിന്നീട് യുവാവ് വാഗ്‌ദാനത്തിൽ നിന്ന് പിൻമാറുകയും മറ്റൊരു വിവാഹത്തിന് ശ്രമം നടത്തുകയും ചെയ്‌തതോടെയാണ് യുവതി പരാതിയുമായി ചന്തേര പൊലീസിനെ സമീപിച്ചത്.
അതിനിടെ താൻ ജയിലിലല്ലെന്നും ദുബായിലാണെന്നും വ്യക്തമാക്കി ഷിയാസ് കരീം ഫേസ്‌ബുക്കിലൂടെ രംഗത്തെത്തിയിരുന്നു. 'കുറേ ആളുകൾ എന്‍റെ പേരിൽ വാർത്ത പ്രചരിപ്പിക്കുന്നുണ്ട്. ഞാൻ ജയിലിലല്ല. ഞാൻ ദുബായിലുണ്ട്. ഇവിടെ നല്ല അരി കിട്ടും എന്നറിഞ്ഞിട്ട് വാങ്ങാൻ വന്നതാണ്. നാട്ടിൽ വന്നിട്ട് അരിയൊക്കെ ഞാൻ തരുന്നുണ്ട്' – ഷിയാസ് കരീം പറഞ്ഞു.
യൂട്യൂബറിനെതിരെ പീഡന പരാതി: പ്രമുഖ യൂട്യൂബറും വ്ളോഗറുമായ മല്ലു ട്രാവലർ ഷക്കീർ സുബാനെതിരായ പീഡന പരാതിയിൽ പൊലീസ് ലുക്ക്ഔട്ട് സർക്കുലർ പുറത്തിറക്കി. ചോദ്യം ചെയ്യലിന് ഹാജരാകാതെ പ്രതി വിദേശത്ത് തുടരുന്ന സാഹചര്യത്തിലാണ് പൊലീസിന്‍റെ നടപടി. എത്രയും പെട്ടന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാനാണ് പൊലീസ് നിർദേശിച്ചിരിക്കുന്നത്.
സൗദി സ്വദേശിനിയുടെ പരാതിയിലാണ് എറണാകുളം സെൻട്രൽ പൊലീസ് കേസ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്. കഴിഞ്ഞ മാസം 13-ാം തീയതി എറണാകുളത്തെ ഹോട്ടലിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് യുവതിയുടെ പരാതി. സൗദി സ്വദേശിനിയെ അഭിമുഖം ചെയ്യുന്നതിനായാണ് മല്ലു ട്രാവലർ ഷക്കീർ സുബാൻ ഹോട്ടലിലെത്തിയത്.
ALSO READ: സൗദി യുവതിയുടെ പീഡന പരാതി; വ്ളോഗർ മല്ലു ട്രാവലർക്കെതിരെ ലുക്ക്‌ഔട്ട് സർക്കുലർ