കാസർകോട്: കേരളത്തിനനുവദിച്ച രണ്ടാം വന്ദേഭാരതിന്‍റെ ഫ്ലാഗ് ഓഫ് ചടങ്ങിൽ നിന്നും സ്ഥലം എംഎൽഎ എൻ.എ നെല്ലിക്കുന്ന് ഇറങ്ങിപ്പോയി. കാസർകോട് റെയിൽവേ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ സംസാരിക്കാൻ അവസരം നിഷേധിച്ചതിൽ പ്രതിഷേധിച്ചാണ് ഇറങ്ങിപ്പോയത്. ചടങ്ങിലേക്ക് വിളിച്ചു വരുത്തി അപമാനിക്കുകയായിരുന്നുവെന്ന് എംഎൽഎ പ്രതികരിച്ചു (Second Vande Bharat flag off ceremony Claims and protests).
അതിനിടെ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ബേബി ബാലകൃഷ്‌ണൻ, മുനിസിപ്പൽ ചെയർമാൻ മുനീർ എന്നിവർക്ക് വേദിയിൽ ഇരിപ്പിടം നൽകിയില്ലെന്നും പരാതി ഉയർന്നിട്ടുണ്ട്. ഡി ആർ എം അരുൺ കുമാർ ചതുർവേദിയെ സ്റ്റേജിലെത്തി ഇവർ പ്രതിഷേധം അറിയിക്കുകയായിരുന്നു. രണ്ടാമത് കാസർകോട് - തിരുവനന്തപുരം വന്ദേ ഭാരത് എക്‌സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്രമോദി ഓൺലൈനായാണ് നാടിന് സമർപ്പിച്ചത്. ഒരു നാടിന്‍റെ വികസനത്തിന് യാത്രാസൗകര്യം അത്യന്താപേക്ഷിതമാണെന്നും കൂടുതൽ വേഗത്തിൽ കൂടുതൽ സൗകര്യങ്ങളോടുകൂടിയുള്ള റെയിൽ യാത്രയാണ് സർക്കാർ ലക്ഷ്യം വയ്‌ക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ, സംസ്ഥാന റെയിൽവേ മന്ത്രി വി അബ്‌ദു റഹ്മാൻ, രാജ്മോഹൻ ഉണ്ണിത്താൻ എം പി, പാലക്കാട് ഡി ആർ എം അരുൺകുമാർ ചതുർവേദി തുടങ്ങിയവർ സംസാരിച്ചു. ജനപ്രതിനിധികൾ, യാത്രക്കാർ, റെയിൽവേ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിൻ്റെ ഭാഗമായി കലാപരിപാടികൾ അരങ്ങേറി. അതിനിടെ ഫ്ലാഗ് ഓഫിനൊപ്പം രണ്ടാം വന്ദേഭാരതിന്‍റെ അവകാശവാദം ഉയർത്തി രാഷ്ട്രീയ പോരും വേദിയിൽ ഉണ്ടായി.
കേരള എം.പി മാർ ഉത്തരം താങ്ങുന്ന പല്ലികളാകരുതെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ പരിഹസിച്ചു. വന്ദേഭാരത് ആരുടെയും കുടുംബ സ്വത്തല്ലെന്ന് വി. മുരളീധരനെ വേദിയിലിരുത്തി രാജ്മോഹൻ ഉണ്ണിത്താൻ എം പി മറുപടി നൽകി. അവകാശവാദം ഉയർത്താൻ മന്ത്രി വി അബ്‌ദുറഹ്മാനും മറന്നില്ല. വന്ദേഭാരത് ട്രെയിനിന് തിരൂരിൽ സ്റ്റോപ്പ് അനുവദിച്ചത് മുഖ്യമന്ത്രിയുടെ ആവശ്യ പ്രകാരമാണെന്ന് മന്ത്രിയും പറഞ്ഞു.
കേരളത്തിന് ലഭിച്ച രണ്ടാം വന്ദേഭാരതിന്‍റെ ഫ്ലാഗ് ഓഫ് ഇന്ന് ഉച്ചക്ക് 12 മണിക്ക് കാസർകോട് റെയിൽവെ സ്റ്റേഷനിലാണ് നടന്നത്. കാസര്‍കോട് - തിരുവനന്തപുരം വന്ദേഭാരത് ഉൾപ്പടെ രാജ്യത്തെ വിവിധ സോണുകളിലായി അനുവദിച്ച ഒന്‍പത് വന്ദേഭാരത് ട്രെയിനുകളുടെ ഫ്ലാഗ് ഓഫ് ഓൺലൈനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് നിർവഹിച്ചത്. ചടങ്ങുമായി ബന്ധപ്പെട്ട് കാസര്‍കോട് റെയിൽവേ സ്റ്റേഷനിൽ റെയിൽവേ സംഘടിപ്പിക്കുന്ന പരിപാടിയിൽ കേന്ദ്ര വിദേശകാര്യ, പാർലമെന്‍ററി സഹമന്ത്രി വി മുരളീധരൻ പങ്കെടുത്തു.
ആഴ്‌ചയിൽ ആറു ദിവസമാണ് രണ്ടാം വന്ദേഭാരതിന്‍റെ സർവീസ്. രാവിലെ ഏഴ് മണിയോടെ കാസർകോട് നിന്ന് യാത്ര തിരിക്കുന്ന ട്രെയിൻ വൈകുന്നേരം 3.05 ഓടെ തിരുവനന്തപുരത്ത് യാത്ര അവസാനിപ്പിക്കും. തിരിച്ച് തിരുവനന്തപുരത്ത് നിന്ന് വൈകിട്ട് 4.05-ന് പുറപ്പെടുന്ന ട്രെയിൻ രാത്രി 11.58-ന് കാസർകോടെത്തും. ആലപ്പുഴ വഴി സർവീസ് നടത്തുന്ന ട്രെയിനിന് തിരൂരിലും സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, ഷൊർണൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിലാണ് തിരൂരിനെ കൂടാതെ രണ്ടാമത്തെ വന്ദേഭാരതിന് സ്റ്റോപ്പുള്ളത്. എട്ടു മണിക്കൂറാണ് കാസർകോട്-തിരുവനന്തപുരം യാത്രയ്ക്ക് എടുക്കുന്ന സമയം. 7.55 മണിക്കൂറാണ് തിരിച്ചുള്ള സർവീസിന്‍റെ യാത്രാസമയം. 2023 ഏപ്രിൽ 25നാണ് ആദ്യത്തെ വന്ദേഭാരത് പ്രധാനമന്ത്രി കേരളത്തിനു സമർപ്പിച്ചത്.
ALSO READ: രാജ്യത്തിന് 9 വന്ദേ ഭാരത് എക്‌സ്‌പ്രസുകൾ കൂടി ; പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്‌തു