കാസർകോട് : രണ്ടാം വന്ദേഭാരതിന് മുന്നോടിയായി റെയിൽവേ ഉന്നതതല സംഘം മംഗളൂരുവിൽ (Second Vande Bharat Express). ചെന്നൈയിൽ നിന്നുള്ള ഉദ്യോഗസ്ഥരും സാങ്കേതിക വിദഗ്‌ധരും പാലക്കാട് ഡിവിഷനിലെ ഉദ്യോഗസ്ഥരുമാണ് മംഗളൂരു സെൻട്രൽ റെയിൽവേ സ്‌റ്റേഷനിൽ പരിശോധന നടത്തിയത്. തുടർന്ന് മംഗളൂരുവിലെ റെയിൽവേ സാങ്കേതിക വിദഗ്‌ധരുമായി ചർച്ച നടത്തി.
റെയിൽവേ മന്ത്രാലയത്തിന്‍റെ നിർദേശപ്രകാരമാണ് സംഘം മംഗളൂരുവിൽ എത്തിയത്. രണ്ടാം വന്ദേഭാരതിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന് റെയിൽവേ ഉന്നതതല സംഘം അറിയിച്ചിട്ടുണ്ട്. മംഗളൂരുവിൽ ട്രെയിൻ അറ്റകുറ്റ പണികൾക്കായുള്ള സജ്ജീകരണങ്ങൾ ഒരുക്കിയതിൽ സംഘം പൂർണ സംതൃപ്‌തി അറിയിച്ചു.
സർവീസ് നടത്താൻ വന്ദേഭാരത് പൂർണ സജ്ജമാണെന്നും ജീവനക്കാർക്കായുള്ള പരിശീലനം പൂർത്തിയായിട്ടുണ്ടെന്നും റൂട്ട് സംബന്ധിച്ച അന്തിമ തീരുമാനം എടുക്കേണ്ടത് റെയിൽവേ മന്ത്രാലയമാണെന്നും ഉന്നതതല സംഘം അറിയിച്ചു. വന്ദേഭാരതിന്‍റെ അറ്റകുറ്റപണികൾക്കായി മംഗളൂരു റെയിൽവേ സ്‌റ്റേഷനിൽ സജ്ജീകരണങ്ങൾ പൂർത്തിയായിട്ടുണ്ട്. വൈദ്യുതീകരിച്ച പിറ്റ് ലൈൻ അടക്കമുളള സൗകര്യങ്ങളാണ് രണ്ടാം വന്ദേഭാരതിൽ ഒരുക്കിയിരിക്കുന്നത്. ഇതും സംഘം പരിശോധിച്ചിട്ടുണ്ട്.
മംഗളൂരു സെന്‍ട്രല്‍ റെയിവേ സ്‌റ്റേഷനിലെ മൂന്നാം പിറ്റ് ലൈനാണ് വന്ദേഭാരതിന്‍റെ അറ്റകുറ്റപണികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. സാധാരണ വണ്ടികളുടെ അറ്റകുറ്റപ്പണി നടത്തുന്ന പിറ്റ് ലൈന്‍ വൈദ്യുതീകരിക്കാറില്ല. റൂട്ട് സംബന്ധിച്ച അന്തിമ പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അടുത്ത ദിവസം തന്നെ പുതിയ വന്ദേഭാരത് ട്രെയിന്‍ ചെന്നൈയിൽ നിന്നും മംഗളൂരുവിലെത്തിക്കും. മംഗളൂരു-തിരുവനന്തപുരം, മംഗളൂരു-കോട്ടയം, മംഗളൂരു-എറണാകുളം, മംഗളൂരു-കോയമ്പത്തൂർ എന്നീ റൂട്ടുകളാണ് പരിഗണനയിൽ ഉള്ളത്. കാവി നിറത്തിനൊപ്പം ഡിസൈനിലും മാറ്റം വരുത്തിയ എട്ട് കോച്ചുകളടങ്ങിയ റേക്ക് ആണ് കേരളത്തിൽ എത്തുക.
രണ്ടാം വന്ദേഭാരത് റൂട്ട് പ്രഖ്യാപനത്തിന് മുന്നോടിയായി ഐസിഎഫ് ജനറൽ മാനേജർ കഴിഞ്ഞ ദിവസം കാസർകോട് റെയിൽവേ സ്‌റ്റേഷൻ സന്ദർശിച്ചിരുന്നു. ഒന്നാം വന്ദേഭാരതിലെ സൗകര്യങ്ങളെക്കുറിച്ച് യാത്രക്കാരോട് ചോദിച്ചറിയുകയും വന്ദേഭാരതിൽ കയറി വിലയിരുത്തിയതിന് ശേഷം ജീവനക്കാർക്ക് വേണ്ട നിർദേശങ്ങൾ നൽകിയുമാണ് അദ്ദേഹം മടങ്ങിയത്.