കാസര്‍കോട്: ജില്ലയിൽ കൊവിഡ് 19 സ്ഥിരീകരിച്ച വ്യക്തിയുടെ സമ്പര്‍ക്ക പട്ടിക തയ്യാറായി. മംഗലാപുരം വിമാനത്താവളത്തില്‍ നിന്നും കുടുംബാംഗങ്ങളായ മൂന്ന് പേര്‍ക്കൊപ്പമാണ് ഇയാള്‍ കാറില്‍ സഞ്ചരിച്ചത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യനില തൃപ്‌തികരമാണെന്നും ജില്ലാ കലക്‌ടർ ഡോ.ഡി. സജിത് ബാബു അറിയിച്ചു.
മാര്‍ച്ച് 14ന് പുലര്‍ച്ചെ 5.20നുള്ള ഐ.എക്‌സ് 814 എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ നാട്ടിലെത്തിയ കാസര്‍കോട് കളനാട് സ്വദേശിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നാട്ടിലേക്ക് വരുന്ന വഴിയില്‍ സ്വകാര്യ ആശുപത്രിയില്‍ പോയി ഇയാള്‍ രക്ത പരിശോധന നടത്തിയതായും മറ്റൊരു ആശുപത്രിയുടെ കാന്‍റീനില്‍ നിന്നും ഭക്ഷണം കഴിച്ചതായും സമ്പര്‍ക്ക വിവരശേഖരണത്തില്‍ വ്യക്തമായിട്ടുണ്ട്. അന്നേ ദിവസം ചെർക്കള ബേവിഞ്ചയിൽ ഒരു വീട്ടിൽ പോയിരുന്നു. രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരുടെ പ്രാഥമിക പട്ടിക ഇതിനകം കൊവിഡ് കണ്‍ട്രോള്‍ റൂം തയ്യാറാക്കിയിട്ടുണ്ട്.
എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ പിന്‍ഭാഗത്തെ സീറ്റിലാണ് ഇയാള്‍ സഞ്ചരിച്ചത്. വിമാനത്തിലെ സഹയാത്രികരുടെ പട്ടിക ഇതിനകം ശേഖരിച്ചിട്ടുണ്ട്. വിമാനത്തില്‍ കര്‍ണാടകയില്‍ നിന്നുള്ളവരുണ്ടെന്നും ഇതിന്‍റെ വിവരങ്ങള്‍ ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടത്തെ അറിയിച്ചതായും കാസര്‍കോട് ജില്ലാ കലക്‌ടർ അറിയിച്ചു. റൂട്ട് മാപ്പിൽ ഇയാൾ എവിടെയൊക്കെ പോയെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സമ്പർക്കത്തിൽ ഉണ്ടായിരുന്നവരുടെ സാമ്പിളുകൾ ശേഖരിക്കുന്നതിനും നടപടിയായി. ജില്ലയില്‍ 325 പേരാണ് വീടുകളിലും ആശുപത്രികളിലുമായി നിരീക്ഷണത്തിലുള്ളത്.