കാസർകോട് : ബദിയഡുക്കയിൽ അടച്ചിട്ട വീട്ടില്‍ കവര്‍ച്ച. പള്ളത്തടുക്ക നിഷ മന്‍സിലില്‍ അബ്‌ദുള്‍ റസാഖിന്‍റെ വീട്ടില്‍ ഞായറാഴ്‌ച രാത്രിയാണ് മോഷണം നടന്നത്. 37 പവന്‍ സ്വര്‍ണാഭരണങ്ങളും 6,500 രൂപയും നഷ്‌ടമായി.
മുന്‍വശത്തെ വാതില്‍ തകര്‍ത്താണ് മോഷ്‌ടാക്കള്‍ വീടിനുള്ളില്‍ കയറിയതെന്ന് പൊലീസ് വ്യക്തമാക്കി. കുടുംബത്തിന്‍റെ പരാതി ലഭിച്ച സാഹചര്യത്തില്‍ കാസര്‍കോട് ഡി വൈ എസ് പി പികെ സുധാകരന്‍റെ നേതൃത്വത്തില്‍ പൊലീസും വിരലടയാള വിദഗ്‌ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.
മോഷ്‌ടാവ് കൈയുറ ധരിച്ചാണ് കവര്‍ച്ച നടത്തിയതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അബ്‌ദുള്‍ റസാഖും കുടുംബവും ബന്ധുവീട്ടില്‍ പോയപ്പോഴായിരുന്നു മോഷണം. മുറിയിലെ അലമാരയ്‌ക്കുള്ളിലായിരുന്നു സ്വര്‍ണം സൂക്ഷിച്ചിരുന്നത്.
കഴിഞ്ഞ ദിവസം ആളില്ലാത്ത വീടുകളുടെ പൂട്ട് പൊളിച്ച് കവര്‍ച്ച നടത്തുന്ന മോഷ്‌ടാവിനെ പൊലീസ് പിടികൂടിയിരുന്നു. കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന് സമീപം ഗാര്‍ഡര്‍ വളപ്പില്‍ താമസിക്കുന്ന ആസിഫാണ് പിടിയിലായത്. ചീമേനി എസ് ഐ കെ അജിതയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ആയിരുന്നു ഇയാളെ അറസ്റ്റ് ചെയ്‌തത്.
ആളില്ലാത്ത വീടുകളില്‍ പകല്‍ സമയം എത്തി പൂട്ട് പൊളിച്ച് ഉള്ളില്‍ കടന്നാണ് ഇയാള്‍ കവര്‍ച്ച നടത്തിയത്. കയ്യൂർ, ഞണ്ടാടി, ആലന്തട്ട എന്നീ പ്രദേശങ്ങളിലെ വീടുകളില്‍ നിന്നും ഇയാള്‍ സ്വര്‍ണവും പണവും മോഷ്‌ടിച്ചിരുന്നു. ഈ സംഭവം പ്രദേശത്തെ ജനങ്ങള്‍ക്കിടയില്‍ വലിയ ആശങ്ക സൃഷ്‌ടിച്ചിരുന്നു.
ഈ സാഹചര്യത്തില്‍ ആസിഫിനെ പിടികൂടാന്‍ പ്രത്യേക സ്ക്വാഡിനെയും പൊലീസ് തയ്യാറാക്കിയിട്ടുണ്ട്. ജില്ല പൊലീസ് മേധാവി വൈഭവ് സക്‌സേന, കാഞ്ഞങ്ങാട് ഡി വൈ എസ് പി പി ബാലകൃഷ്‌ണന്‍ നായര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണ സംഘത്തെ നിയോഗിച്ചത്. പൊലീസ് നടത്തിയ പഴുതടച്ച അന്വേഷണത്തിനൊടുവിലാണ് ആസിഫ് പിടിയിലായത്.
മൊട്ട ജോസിനെ പിടികൂടി പൊലീസ് : ആള്‍ താമസമില്ലാത്ത വീടുകള്‍ കേന്ദ്രീകരിച്ച് കവര്‍ച്ച നടത്തുന്ന കുപ്രസിദ്ധ മോഷ്‌ടാവ് മൊട്ട ജോസ് പിടിയില്‍. കൊല്ലം തിരുമുല്ലവാരത്തുള്ള വീട്ടില്‍ മോഷണത്തിനെത്തിയപ്പോഴാണ് ഇയാളെയും കൂട്ടാളികളെയും പൊലീസ് പിടികൂടിയത്. ഈ പ്രദേശത്ത് പണി പൂര്‍ത്തിയായ ഒരു പുതിയ വീട്ടില്‍ കവര്‍ച്ചയ്‌ക്കായി മൊട്ട ജോസും സംഘവും എത്തിയിരുന്നു.
മതില്‍ ചാടിക്കടന്നെത്തിയ ഇവരുടെ സിസിടിവി ദൃശ്യം വീട്ടുടമയായ സ്‌ത്രീയുടെ മൊബൈല്‍ ഫോണില്‍ ലഭിച്ചു. ഇതിന് പിന്നാലെ ഇവര്‍ വിവരം പൊലീസില്‍ അറിയിച്ചു. പിന്നാലെ സ്ഥലത്തെത്തിയ പൊലീസ്, രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ജോസിനെയും കൂട്ടാളികളില്‍ ഒരാളെയും പിടികൂടിയത്.
ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഒരാള്‍ ഓടി രക്ഷപ്പെട്ടു. ഇയാള്‍ക്കായി പ്രദേശവാസികള്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. നിരവധി മോഷണ കേസുകളില്‍ പ്രതിയായ മൊട്ട ജോസിനെ പിടികൂടാനുള്ള ശ്രമത്തിലായിരുന്നു മാസങ്ങളായി പൊലീസ്.
കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിന് സമീപവും, കായംകുളത്ത് ബസുകളിലും ഇയാളെ കണ്ടിരുന്നുവെന്ന വിവരം പൊലീസിന് ലഭിച്ചിരുന്നു. എന്നാല്‍ ഇയാളെ അപ്പോഴൊന്നും പിടികൂടാന്‍ പൊലീസിന് കഴിഞ്ഞിരുന്നില്ല.