കാസര്‍കോട്: മാധ്യമപ്രവര്‍ത്തകയായ കാസര്‍കോട് സ്വദേശിനി ശ്രുതിയുടെ ദുരൂഹമരണത്തില്‍ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിക്കും, വനിതാകമ്മിഷനും പരാതി നല്‍കി. ശ്രുതിയുടെ മരണത്തിന് പിന്നാലെ ഒളിവില്‍ പോയ ഭര്‍ത്താവ് കണ്ണൂർ സ്വദേശി അനീഷിനെ കണ്ടെത്താന്‍ ബെംഗളൂരു പൊലീസിന് സാധിക്കാത്ത സാഹചര്യത്തിലാണ് കുടുംബത്തിന്‍റെ നീക്കം. വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്‌സിന്‍റെ ബെംഗളൂരുവിലെ ഓഫീസിലെ സബ് എഡിറ്ററായിരുന്നു ശ്രുതി.
അനീഷ് വിദേശത്തേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന സംശയമാണ് കുടുംബം പങ്കുവയ്ക്കുന്നത്. വിവാഹത്തിന് ശേഷം പണത്തിനായി ശ്രുതിയെ ഭർത്താവ് അനീഷ് നിരന്തരമായി ശാരീരികമായും, മാനസികമായും പീഡിപ്പിച്ചിരുന്നുവെന്നാണ് ബന്ധുക്കളുടെ ആരോപണം. ഇതാണ് ആത്മഹത്യയിൽ കലാശിക്കാൻ കാരണമായതെന്നും ബന്ധുക്കൾ പറയുന്നു.
മാര്‍ച്ച് 20നാണ് ബെഗംളൂരുവിലെ ഫ്ലാറ്റില്‍ ശ്രുതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ദുരൂഹത തോന്നിയ കുടുംബം ഭര്‍ത്താവ് അനീഷിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചാണ് പൊലീസില്‍ പരാതിപ്പെട്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കുടുംബത്തിന്‍റെ ആരോപണങ്ങള്‍ സാധൂകരിക്കുന്ന തരത്തിലുള്ള ശ്രുതിയുടെ ആത്മഹത്യാക്കുറിപ്പ് അന്വേഷണസംഘം കണ്ടെത്തിയിരുന്നു.
എന്നാല്‍ കേസില്‍ കൂടുതല്‍ നടപടികളിലേക്ക് കടക്കാന്‍ കര്‍ണാടകയിലെ അന്വേഷണസംഘത്തിനായില്ല. ഒളിവില്‍ പോയ അനീഷിനെ കണ്ടെത്താനായി പ്രത്യേക അന്വേഷണ സംഘത്തെയും കര്‍ണടക സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. എന്നാല്‍ ഈ സംഘം അനീഷിന്‍റെ വീട്ടിലെത്തി അന്വേഷിച്ചതല്ലാതെ കേസില്‍ മറ്റ് പുരോഗതിയൊന്നും ഉണ്ടായിട്ടില്ലെന്ന് ശ്രുതിയുടെ കുടുംബം ആരോപിക്കുന്നത്.