കാസര്‍കോട്: കമ്പ്യൂട്ടർ ഉപയോഗിക്കുന്ന ബധിരർ നേരിടുന്ന വെല്ലുവിളികൾക്ക് പരിഹാരമായി നൂതന സാങ്കേതിക സംവിധാനമൊരുക്കി കേരള കേന്ദ്ര സർവകലാശാല അധ്യാപകനും ഗവേഷണ വിദ്യാർഥിനിയും. സമൂഹത്തിന് ആംഗ്യഭാഷ മനസിലാക്കാന്‍ കഴിയുന്ന ഏകീകൃത സംവിധാനമാണ് കമ്പ്യൂട്ടർ സയൻസ് വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ.ആർ.രാജേഷും ഗവേഷക വി ആദ്യത്യയും വികസിപ്പിച്ചെടുത്തത്.
ആംഗ്യഭാഷ ക്യാമറയിൽ പിടിച്ചെടുത്ത കമ്പ്യൂട്ടര്‍ വഴി സംവേദിപ്പിക്കുന്നതിനുള്ള ഉപകരണത്തിന് ഇവർ പേറ്റന്‍റ് നേടിക്കഴിഞ്ഞു. സർവകലാശാലയുടെ ആദ്യത്തെ പേറ്റന്‍റ് കൂടിയാണ് കമ്പ്യൂട്ടർ സയൻസ് പഠന വിഭാഗത്തിലൂടെ ലഭിച്ചത്. സമൂഹത്തിലെ സാധാരണക്കാരുമായി ബധിരർക്ക് ഇടപെടേണ്ടി വരുന്ന സാഹചര്യങ്ങൾ മനസിലാക്കിയാണ് ഉപകരണത്തിന്‍റെ രൂപകൽപ്പന.
ബധിരരുടെ അടിയന്തര ആവശ്യങ്ങൾ ആംഗ്യഭാഷ വശമില്ലാത്തവരെ ബോധ്യപ്പെടുത്തുക ശ്രമകരമാണ്. ഇതിന് ഒരു ബദൽ സംവിധാനം ഒരുക്കുക എന്ന ലക്ഷ്യമാണ് കേന്ദ്ര സർവകലാശാലയിലെ ഗവേഷണത്തിലൂടെ സാധ്യമായത്. ക്യാമറയ്ക്ക് അഭിമുഖം ഉള്ള കൈകളുടെ ചലനങ്ങൾ പകർത്തി കമ്പ്യൂട്ടർ സഹായത്തോടെ ഈ ഉപകരണം വഴി ആശയവിനിമയം സാധ്യമാകും. ക്യാമറയോ ലാപ്ടോപ്പോ ക്രമീകരിക്കാവുന്ന വിധത്തിൽ ഉപകരണത്തെ ചലിപ്പിക്കാനും സാധിക്കും. 2016 ആരംഭിച്ച ഗവേഷണമാണ് ഫലപ്രാപ്തിയിൽ എത്തിയത്.
കമ്പ്യൂട്ടർ ആംഗ്യഭാഷ പഠനത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചുവടുവെപ്പാണ് ഇത്തരമൊരു ഡിസൈനിലൂടെ സാധ്യമായിരിക്കുന്നത് എന്നാണ് ഈ മേഖലയിലെ വിദഗ്ധരുടെ വിലയിരുത്തൽ. കൂടുതൽ പഠനങ്ങൾക്ക് ശേഷം ഉപകരണം വികസിപ്പിച്ചാൽ വലിയൊരു വിഭാഗത്തിന് അത് പ്രയോജനപ്പെടും.