കാസർകോട്: കൊവിഡിന്‍റെ രണ്ടാം ഘട്ടത്തിൽ 166 പേരിലാണ് കാസർകോട് രോഗം പിടിപ്പെട്ടത്. ഒരു മാസം പിന്നിടുമ്പോൾ രോഗമുക്തരാകുന്നവരുടെ എണ്ണം പകുതിയിലധികമായതാണ് ജില്ലക്ക് ആശ്വാസമാകുന്നത്. അന്താരാഷ്ട്ര ശരാശരിയെക്കാൾ മികച്ചതാണ് ജില്ലയിലെ രോഗവിമുക്തി നിരക്ക്. വുഹാനിലെ മെഡിക്കൽ വിദ്യാർഥിക്ക് രോഗസ്ഥിരീകരണം ഉണ്ടായ ശേഷം മാർച്ച് 16നാണ് കൊവിഡ് രണ്ടാം ഘട്ടം കാസർകോട് റിപ്പോർട്ട് ചെയ്യപ്പെട്ടത്. കൃത്യം ഒരു മാസം കൊണ്ട് അസുഖ ബാധിതർ 166 ആയി.
മാർച്ച് 23 ന് 19 ഉം , മാർച്ച് 27ന് 34 ഉം മാർച്ച് 30 ന് 17 ഉം പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ രോഗ നിരക്കിന്‍റെ കാര്യത്തിൽ ആശങ്ക ഉയർന്നു. രണ്ടാം ഘട്ടത്തിലെ ആദ്യ 14 ദിവസം കൊണ്ട് മാത്രം രോഗബാധിതരുടെ എണ്ണം 100 ന് മുകളിലായി. ലോക്ക് ഡൗണും, കടുത്ത നിയന്ത്രണങ്ങളും ഏർപ്പെടുത്തി ജില്ല ഭരണകൂടം രോഗവ്യാപനം ചെറുക്കാൻ നടപടി തുടങ്ങിയതിനൊപ്പം ആരോഗ്യവകുപ്പും ജാഗ്രതയോടെ നിലയുറപ്പിച്ചു. കൂടുതൽ രോഗബാധ റിപ്പോർട്ട് ചെയ്ത ഇടങ്ങളിൽ ഡബിൾ ലോക്ക് ഡൗണും പിന്നാലെ ട്രിപ്പിൾ ലോക്ക് ഡൗണും ഏർപ്പെടുത്തിയതോടെ നിയന്ത്രണങ്ങൾക്ക് ഫലം കണ്ടു തുടങ്ങി. രണ്ടാം ഘട്ടം തുടങ്ങി 15 മത്തെ ദിവസമാണ് ആദ്യമായി അസുഖം ഭേദമായി രോഗികൾ ആശുപത്രി വിട്ട് തുടങ്ങിയത്. ഏപ്രിൽ മൂന്നിന് നാല് പേരും ഏപ്രിൽ ഏഴിന് ഒരാളും ആശുപത്രി വിട്ടു.
ഏപ്രിൽ 10 മുതൽ 14 വരെ തുടർച്ചയായി കൂടുതൽ പേർ ആശുപത്രി വിട്ടു. അഞ്ച് ദിവസം കൊണ്ട് 63 പേർ അസുഖം ഭേദമായി ആശുപത്രി വിട്ടപ്പോൾ ഈ ദിവസങ്ങളിൽ രോഗസ്ഥിരീകരണം ഉണ്ടായത് ആറ് പേർക്ക് മാത്രം. രോഗവിമുക്തി നിരക്ക് കൂടിയതാണ് ആശ്വാസത്തിന് വഴി തുറന്നത്. കാസർകോട് ജനറൽ ആശുപത്രിയിൽ മാത്രം രോഗം ഭേദമായവരുടെ നിരക്ക് നാൽപതു ശതമാനത്തിന് മുകളിലാണിപ്പോൾ. ഇതിനൊപ്പം കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലും,പരിയാരത്തെ കണ്ണൂർ ഗവ:മെഡിക്കൽ കോളജിലും, കാസർകോട് മെഡിക്കൽ കോളജിലെ കൊവിഡ് ആശുപത്രിയിലും ചികത്സയിൽ കഴിയുന്നവർ രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങുന്നുണ്ട്.
രോഗബാധിതരാകുന്നവരുടെ എണ്ണം നിയന്ത്രണവിധേയമായതിനൊപ്പം രോഗവിമുക്തരുടെ എണ്ണം വർധിക്കുകയും ചെയ്യുന്നത് ഗുണകരമാണെന്നാണ് വിലയിരുത്തൽ. എന്നാൽ നിരീക്ഷണ കാലയളവ് മൂന്നാഴ്ച കഴിയുമ്പോൾ ചിലരിൽ രോഗസ്ഥിരീകരണമുണ്ടായത് ഗൗരവം വർധിപ്പിക്കുന്നുണ്ട്. കൂടാതെ സമൂഹ വ്യാപന സാധ്യതകൾ ഇല്ലാതാക്കാൻ പ്രാഥമിക സമ്പർക്കത്തിലോ,ദ്വിതീയ സമ്പർക്കത്തിലോ പെടാത്തവരുടെ സാമ്പിളുകൾ കൂടി ശേഖരിക്കുന്ന നടപടി അധികൃതർ ആരംഭിച്ചിട്ടുണ്ട്. അതേസമയം നിലവിലെ അതിജാഗ്രതയിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാവരുതെന്ന നിലപാടിലാണ് കെയർ ഫോർ കാസർകോട് എന്ന പദ്ധതിയുമായി ജില്ല ഭരണകൂടം മുന്നോട്ട് പോകുന്നത്.