കാസര്‍കോട്: തെരഞ്ഞെടുപ്പ് ചൂടിലേക്കടുക്കുമ്പോള്‍ വിമതശല്യം ഒഴിവാക്കാനുള്ള തീവ്ര ശ്രമത്തില്‍ പാര്‍ട്ടികള്‍. എതിര്‍ സ്ഥാനാര്‍ഥികളെ തറപറ്റിക്കാന്‍ ആദ്യം സ്വന്തം താവളത്തിലുള്ള വിമതരെ ഒതുക്കുകയെന്ന ചിന്തയിലാണ് പാര്‍ട്ടി നേതൃത്വങ്ങള്‍. നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധനകള്‍ കഴിഞ്ഞ് സ്ഥാനാര്‍ഥി ചിത്രം തെളിഞ്ഞതോടെയാണ് വിമതരെക്കുറിച്ചുള്ള ധാരണയുണ്ടായത്. 23 വരെ പത്രിക പിന്‍വലിക്കാന്‍ സമയമുണ്ട്. ഇതിനകം ചര്‍ച്ചകള്‍ നടത്തി നീക്കുപോക്കുണ്ടാക്കാനാണ് പ്രാദേശിക നേതൃത്വങ്ങള്‍ ശ്രമിക്കുന്നത്. പ്രാദേശിക പ്രശ്‌നങ്ങളാണ് തെരഞ്ഞെടുപ്പുകളില്‍ വിമതസ്വരമുയരുന്നതിന് പ്രധാന കാരണമാകുന്നത്. പ്രതീക്ഷിച്ചയാള്‍ സ്ഥാനാര്‍ഥിയാകാതെ പോകുന്നതും പ്രശ്‌നമായി മാറുന്നു.
പിലിക്കോട് പഞ്ചായത്തിലെ ഒരു വാര്‍ഡില്‍ ഇടത് സ്ഥാനാര്‍ഥിക്കെതിരെ രണ്ട് വിമതരാണുള്ളത്. 13ാം വാര്‍ഡ് മാണിയാട്ട് സിപിഐയിലെ രവീന്ദ്രനെതിരെ സിപിഎം പ്രവര്‍ത്തകരായ വൈക്കത്ത് രാജന്‍, അപ്യാല്‍ നാരായണന്‍ എന്നിവരാണ് പത്രികകള്‍ നല്‍കിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍ എന്നിവര്‍ക്കെതിരെയും എല്‍.ഡി.എഫ് ഭരിക്കുന്ന പിലിക്കോട് പഞ്ചായത്തിനെതിരെയും സിപിഐ സ്ഥാനാര്‍ഥി സാമൂഹ മാധ്യമങ്ങളില്‍ അധിക്ഷേപിച്ചെന്ന് ആരോപിച്ചാണ് സ്വതന്ത്രര്‍ മത്സരത്തിനിറങ്ങിയത്.
ചെറുവത്തൂര്‍ വെങ്ങാട് സിപിഎം അനുഭാവി വി.രാഘവന്‍ പത്രിക നല്‍കിയിട്ടുണ്ട്. സിപിഎമ്മിലെ മഹേഷ്‌കുമാറാണ് ഇവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി. കുറ്റിക്കോല്‍ പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ യുഡിഎഫിന് അപരന്‍റെ ഭീഷണിയാണ്. പ്രസിഡന്‍റ് സ്ഥാനാര്‍ഥി തവനം കുഞ്ഞിരാമനെതിരെ പുളിഞ്ചാല്‍ സ്വദേശി കുഞ്ഞിരാമന്‍ പത്രിക നല്‍കി. കള്ളാര്‍ പഞ്ചായത്തിലെ ഏഴ് വാര്‍ഡുകളിലാണ് കോണ്‍ഗ്രസിന് വിമതഭീഷണിയുള്ളത്. പുല്ലൂര്‍ പെരിയ പഞ്ചായത്തില്‍ സിപിഎമ്മിന്‍റെ പ്രസിഡന്‍റ് സ്ഥാനാര്‍ഥി പാര്‍ട്ടി ഏരിയ കമ്മിറ്റി അംഗമായ ടിവി കരിയനും മുന്‍ ലോക്കല് സെക്രട്ടറി എം.വി നാരായണനുമെതിരെ അരവിന്ദന്‍, എം കേളു എന്നിവര്‍ പത്രിക നല്‍കിയിട്ടുണ്ട്.
മംഗല്‍പാടിയില്‍ ലീഗിലെ നാല് പേര്‍ക്കെതിരെയും കാസര്‍കോട് നഗരസഭയില്‍ ലീഗിലെ മൂന്ന് സ്ഥാനാര്‍ഥികള്‍ക്കെതിരെയും വിമതര്‍ പത്രിക നല്‍കി. കാറഡുക്ക ബ്ലോക്ക് മുളിയാര്‍ ഡിവിഷനില്‍ സിപിഐ സ്ഥാനാര്‍ഥിക്കെതിരെ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവും ദേലമ്പാടി, ബെള്ളൂര്‍ പഞ്ചായത്തുകളിലെ ഓരോ വാര്‍ഡുകളില്‍ സിപിഎം സ്ഥാനാര്‍ഥികള്‍ക്കെതിരെയും പാര്‍ട്ടി അനുഭാവികളായവര്‍ മത്സരരംഗത്തുണ്ട്.