കാസർകോട്: പ്രതിപക്ഷ നേതാവിൻ്റെ ഐശ്വര്യ കേരള യാത്ര പുരോഗമിക്കുന്നു. ഓരോ ജില്ലകളിലെയും അതത് മേഖലയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്‌താണ് യാത്ര. എല്ലാ ദിവസം യാത്രക്ക് മുന്‍പ് രമേശ് ചെന്നിത്തല നേരിട്ട് നിവേദനങ്ങള്‍ സ്വീകരിച്ച് പരാതി കേള്‍ക്കുന്നുണ്ട്. സംസ്ഥാന രാഷട്രീയത്തിന് പുറമെ പ്രാദേശിക വിഷയങ്ങളിലെ സര്‍ക്കാര്‍ സമീപനങ്ങളെയും പ്രതിപക്ഷ നേതാവ് പ്രതിദിന വാര്‍ത്താ സമ്മേളനത്തിൽ വിമർശിക്കുന്നുണ്ട്.
കാസര്‍കോട്ടെ സുപ്രധാനമായ വിഷയങ്ങളായ മെഡിക്കല്‍ കോളജ്, എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്‌നങ്ങള്‍ എന്നിവയും ഐശ്വര്യ കേരള യാത്രയുടെ ഭാഗമായുള്ള വാര്‍ത്താ സമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് സംസാരിച്ചു. പ്രഖ്യാപനങ്ങള്‍ മാത്രമാണ് ഇപ്പോള്‍ സര്‍ക്കാര്‍ നടത്തുന്നതെന്നും ജനങ്ങള്‍ക്ക് വേണ്ടി ഒന്നും നടത്തുന്നില്ല എന്നതിൻ്റെ ഉദാഹരണമാണ് കാസര്‍കോട് മെഡിക്കല്‍ കോളജെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് വീണ്ടും അധികാരത്തില്‍ വന്നാല്‍ മെഡിക്കല്‍ കോളജിന് മുന്തിയ പരിഗണന നല്‍കുമെന്നും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരോട് സര്‍ക്കാര്‍ മുഖം തിരിക്കുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
പുനരധിവാസ ഗ്രാമമെന്ന യുഡിഎഫ് കാലത്തെ പദ്ധതിക്ക് ഇടത് സര്‍ക്കാര്‍ തറക്കല്ലിട്ടതല്ലാതെ നിര്‍മാണം ആരംഭിച്ചിട്ടില്ല. ഡിവൈഎഫ്ഐ സുപ്രീംകോടതിയില്‍ പോയി സമ്പാദിച്ച വിധി നടപ്പിലാക്കാന്‍ പോലും ഈ സര്‍ക്കാരിനായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു പ്രധാന പദ്ധതി പോലും ജനങ്ങള്‍ക്ക് മുന്നില്‍ സമര്‍പിക്കാന്‍ കഴിയാത്ത സര്‍ക്കാരാണ് നിലവിലുള്ളത്. ചലച്ചിത്ര അവാര്‍ഡ് വിതരണത്തില്‍ താരങ്ങളെ മുഖ്യമന്ത്രി അപമാനിക്കുകയായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു. മുസ്ലീം സമുദായത്തെയാകെ ഒറ്റ തിരിഞ്ഞ് ആക്രമിക്കുന്ന സമീപനമാണ് സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍ സ്വീകരിക്കുന്നത്. അദ്ദേഹം തീക്കൊള്ളി കൊണ്ട് തല ചൊറിയുകയാണെന്നും രമേഷ് ചെന്നിത്തല പറഞ്ഞു.
അതേസമയം ഐശ്വര്യ കേരള യാത്ര തിരുവനന്തപുരത്തെത്തുമ്പോഴേക്കും സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ തീരുമാനമാകുമെന്നും ഹൈക്കമാന്‍ഡ് ആണ് ഇക്കാര്യത്തില്‍ നിലപാട് പറയുകയെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.