കാസർകോട്: പ്രാർഥന മുഖരിതമായ അന്തരീക്ഷത്തിൽ പുത്തൻ വസ്‌ത്രങ്ങളും വിവിധ രുചികളിൽ തീർത്ത ഭക്ഷണ സാധനങ്ങളും കുടുംബാങ്ങൾക്കൊപ്പമുള്ള പ്രിയപ്പെട്ട നിമിഷങ്ങളും ഒക്കെ ചേർന്ന് മനോഹരമായ നിമിഷങ്ങളാണ് ഓരോ പെരുന്നാളും നമുക്ക് സമ്മാനിക്കുന്നത്. പെരുന്നാൾ ദിനത്തിലെ ഈ ആഘോഷങ്ങൾക്കൊപ്പം മൊഞ്ച് കൂട്ടുന്ന മറ്റൊന്നാണ് കൈകളിൽ മൈലാഞ്ചി ചോപ്പിൽ വരച്ചെടുക്കുന്ന വർണ വിസ്‌മയം.
ഈ പെരുന്നാളിന് കൈകളിൽ മൈലാഞ്ചി ചോപ്പണിയിക്കാൻ മെഹന്തി നിർമാണത്തിന്‍റെ തിരക്കിലാണ് ഉപ്പളയിലെ ഹനഫി വിഭാഗക്കാര്‍. റമദാന്‍ മാസത്തിന്‍റെ അവസാന ആഴ്‌ചയിലാണ് ഉപ്പള ഹനഫി വിഭാഗത്തില്‍പ്പെട്ട വീടുകളിൽ വിവിധതരം മെഹന്തികള്‍ തയ്യാറാക്കുന്നത്. അങ്ങനെ ഈ പ്രദേശത്തിന് മൈലാഞ്ചി ഗ്രാമമെന്ന പേരും ലഭിച്ചു. കൊവിഡ് നിയന്ത്രണങ്ങൾ ഉണ്ടെങ്കിലും പതിറ്റാണ്ടുകളായുള്ള പതിവ് മുടക്കാതെ മെഹന്തി നിർമാണത്തിൽ ഏർപ്പെട്ടിരിക്കുകയാണ് ഇവർ. വീടുകളില്‍ തന്നെ അരച്ചെടുക്കുന്ന മെഹന്തി കുടുംബാംഗങ്ങൾ പരസ്‌പരം കൈകളിൽ വരച്ചു കൊടുത്താണ് ഇവരുടെ പെരുന്നാള്‍ ആഘോഷം.
മുംബൈ അടക്കമുള്ള ഉത്തരേന്ത്യന്‍ നഗരങ്ങളില്‍ നിന്നാണ് മെഹന്തികളുടെ വര്‍ണവിസ്‌മയം ഇങ്ങ് തുളുനാട്ടിൽ എത്തിയത്. മൈലാഞ്ചി ഇലകള്‍ പ്രത്യേക കൂട്ടില്‍ അരച്ചെടുത്താണ് ഇവിടെ മെഹന്ദി ആഘോഷം. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ വീടുകളില്‍ അരച്ചെടുത്ത മെഹന്തിയാണ് പെരുന്നാള്‍ ദിനത്തില്‍ കൈകളില്‍ ചാര്‍ത്തുന്നത്. മെഹന്തി തയ്യാറാക്കുന്നവർ മാത്രമല്ല മെഹന്തി ഡിസൈനര്‍മാരുമുണ്ട് ഇവിടെ.
മൈലാഞ്ചിയണിയുന്ന നാടായതിനാല്‍ ഉപ്പള മെഹന്തികള്‍ക്ക് വിപണിയിലും ഡിമാന്‍റേറെയാണ്. രണ്ട് പതിറ്റാണ്ടിലേറെയായി ഉപ്പളയില്‍ നിന്നും സീനത്, പിബ തുടങ്ങിയ പേരുകളില്‍ മെഹന്തി വിപണികളിലെത്തുന്നുണ്ട്. കണ്ണൂര്‍, കോഴിക്കോട്, കര്‍ണാടകയിലെ മംഗലാപുരം, ഉഡുപ്പി, കുന്താപൂര്‍ എന്നിവിടങ്ങളില്‍ വലിയ ഡിമാന്‍ഡാണ് ഇത്തരം മെഹന്തികള്‍ക്ക്. മുംബൈയില്‍ നിന്നും കൊണ്ടുവരുന്ന മെഹന്തി ഇലകൾ ഉപയോഗിച്ചാണ് വാണിജ്യാവശ്യത്തിനുള്ള നിര്‍മാണം.
കുടില്‍ വ്യവസായമായി മെഹന്തി നിര്‍മാണത്തിൽ ഏർപ്പെട്ട് ഉപജീവനം നടത്തുന്ന കുടുംബങ്ങളും ഉണ്ടിവിടെ. എന്നാൽ കൊവിഡ് വ്യാപനത്തോടെ വിപണി ഒഴിവാക്കിയത് ഇവരുടെ വരുമാനത്തെ ഏറെ ബാധിച്ചിരിക്കുകയാണ്. എങ്കിലും പെരുന്നാൾ ദിനത്തിൽ മൈലാഞ്ചി ചോപ്പിൽ വിരിയുന്ന വരകളുടെ വിസ്‌മയത്തിലൂടെ ആഘോഷത്തിന്‍റെ മാറ്റ് കൂട്ടാമെന്ന പ്രതീക്ഷയിലാണ് ഇവർ.