കാസര്‍കോട്: കാസര്‍കോട് പരപ്പ മുണ്ടത്തടത്തെ ക്വാറി മറ്റൊരു പ്രകൃതി ദുരന്തത്തിന് കാരണമായേക്കുമെന്ന ആശങ്കയില്‍ നാട്ടുകാര്‍. വനമേഖലയോട് ചേര്‍ന്നുള്ള ക്വാറിയില്‍ ജലാംശം കണ്ടതാണ് ആശങ്കയുയര്‍ത്തുന്നത്. വനമേഖലയില്‍ ശക്തമായ മഴ വന്നാല്‍ അത് ഉരുള്‍പൊട്ടലിനും വഴി വെച്ചേക്കും. മുണ്ടത്തടത്ത് ഇപ്പോള്‍ ഖനനം നടക്കുന്ന സ്ഥലത്തെ മൂന്നിടങ്ങളിലായാണ് കരിങ്കല്‍ പ്രതലത്തില്‍ ജലാംശം കാണുന്നത്. ഇതാണ് ക്വാറിക്ക് താഴെ ഭാഗത്ത് താമസിക്കുന്ന ജനങ്ങളെ ആശങ്കപ്പെടുത്തുന്നതും.
ക്വാറിക്ക് മുകളിലായി വനമേഖലയാണ്. ഈ പ്രദേശത്ത് ശക്തമായ മഴ ലഭിച്ചാല്‍ കഴിഞ്ഞ മഴക്കാലത്ത് മറ്റിടങ്ങളിലുണ്ടായത് പോലുള്ള ഉരുള്പൊട്ടലിന്റെ സാധ്യത തള്ളിക്കളയാനാവില്ല. കഴിഞ്ഞ വര്‍ഷം കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളില്‍ മിക്കയിടത്തും ഉരുള്‍പൊട്ടലിനിടയാക്കിയത് വനാന്തര ഭാഗത്ത് ലഭിച്ച ശക്തമായ മഴയാണ്. കോഴിക്കോട് കട്ടിപ്പാറയില്‍ ഉരുള്‍പൊട്ടലിനിടയാക്കിയത് പ്രദേശത്തെ ക്വാറികളുടെ പ്രവര്‍ത്തനങ്ങൾ കൊണ്ടാണെന്നും ആരോപണമുയര്‍ന്നിരുന്നു.
ഏക്കര്‍ കണക്കിന് ഭൂമി സ്വന്തമാക്കിയ ക്വാറി ഉടമ പ്രദേശത്തെ മരങ്ങള്‍ വെട്ടിമാറ്റിയാണ് ഖനനം നടത്തുന്നത്. മണ്ണൊലിപ്പ് തടയാന്‍ യാതൊരു സംവിധാനവുമില്ലാത്തതും പ്രദേശവാസികളുടെ ആശങ്ക വര്‍ധിപ്പിക്കുന്നു. ആദിവാസികള്‍ ഉൾപ്പെടെയുളളവരുടെ അനിശ്ചിതകാല സമരം ഒരാഴ്ച പിന്നിടുമ്പോഴും അധികൃതര്‍ ആരും ഇങ്ങോട്ട് തിരിഞ്ഞ് നോക്കിയിട്ടില്ലെന്ന ആക്ഷേപവും ഇവര്‍ക്കുണ്ട്. പരിസ്ഥിതി സംരക്ഷണത്തിന് മുറവിളി കൂട്ടുന്നവരും ഈ സമരം കണ്ടില്ലെന്ന് നടിക്കുകയാണ്.