കാസര്‍കോട്: പുല്ലൂര്‍ ഐ.ടി.ഐ സംസ്ഥാന സര്‍ക്കാറിന്‍റെ ഹരിത ക്യാമ്പസ് പദവി ഏറ്റു വാങ്ങി. ക്യാമ്പസിന്‍റെ സൗന്ദര്യം വര്‍ധിപ്പിക്കാനായി ട്രെയ്‌നികളും ജീവനക്കാരും ചേര്‍ന്ന് നേരത്തേ തന്നെ ഫലവൃക്ഷ തൈകളും പച്ചക്കറി തോട്ടവും നിര്‍മിച്ചിരുന്നു. ഹരിത കേരളമിഷന്‍റെ ഹരിത ക്യാമ്പസ് പദ്ധതിയുതിയുടെ ഭാഗമായാണ് നടപടി. പദ്ധതിക്കായി 4,75,000 രൂപ കേരള സര്‍ക്കാര്‍ അനുവദിച്ചിരുന്നു. മാസ്റ്റര്‍ പ്ലാനില്‍ പ്രധാനമായി പറഞ്ഞ ഫലവൃക്ഷ തൈകള്‍ വെച്ചു പിടിപ്പിക്കല്‍ പദ്ധതിയില്‍ മാവ്, പ്ലാവ്, തെങ്ങ് തുടങ്ങിയവ പ്രധാനമായും നട്ടു പിടിപ്പിച്ചു. ജില്ലാ നിര്‍മിതി കേന്ദ്രമാണ് പദ്ധതി നിര്‍വഹണ ചുമതല വഹിച്ചത്.
ശാസ്ത്രീയമായി മാലിന്യ നിര്‍മാര്‍ജ്ജനം നടത്തി വളം ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആരംഭിച്ചത്. ഈ രീതിയില്‍ ക്യാമ്പസിലെ മാലിന്യങ്ങളെ വളമാക്കി പുനരുപയോഗിക്കാവുന്ന രീതിയില്‍ സംസ്‌ക്കരിച്ചെടുക്കുന്നുണ്ട്. പെരിയ കൃഷിഭവന്‍റെ സഹായത്തോടെ കെട്ടിടത്തിന്‍റെ ടെറസില്‍ ഗ്രോബാഗ് ജൈവ പച്ചക്കറി കൃഷി ഒരുക്കി. തക്കാളി, കോളി ഫ്ലവര്‍, പച്ചമുളക്, പയര്‍, ചീര തുടങ്ങിയ വിളകളാണ് കൃഷി ചെയ്തത്. മണ്ണിട്ട് നിരപ്പാക്കിയ 15 സെന്‍റ് സ്ഥലത്ത് ജീവനക്കാരും ട്രെയ്‌നികളും ചേര്‍ന്ന് മരച്ചീനി, വാഴ, തക്കാളി, വെണ്ട, പയര്‍. വഴുതിന, വെള്ളരി, പച്ചമുളക്, ചീര തുടങ്ങിയ വിളകള്‍ പരിപാലിക്കുന്നു. 2019 ല്‍ 1.5 ക്വിന്‍റല്‍ മരച്ചീനി വിളവെടുത്തിരുന്നു. ഇത്തവണയും മികച്ച വിളവ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പുല്ലൂര്‍ ഐ.ടി.ഐ അധികൃതര്‍.