കാസര്‍കോട്: കൊവിഡ് 19 ന് പിന്നാലെ പക്ഷിപ്പനി കൂടി വന്നതോടെ ഫാമുകളില്‍ നിന്നും കോഴികള്‍ കുറഞ്ഞ വിലക്ക് പൊതുവിപണിയിലേക്ക് ഇറക്കേണ്ട ഗതികേടിലാണ് കര്‍ഷകര്‍. നൂറ് രൂപ വരെയുണ്ടായിരുന്ന ഇറച്ചിക്കോഴികള്‍ ഇപ്പോള്‍ കിലോക്ക് പരമാവധി 40 രൂപയ്‌ക്കാണ് വിറ്റഴിക്കുന്നത്. വൈറസ് ഭീതിയില്‍ ജനങ്ങള്‍ പൊതു ഇടങ്ങളില്‍ നിന്നും പിന്‍വലിഞ്ഞതോടെയാണ് കോഴി വിലയില്‍ ആദ്യം ഇടിവുണ്ടായത്. എന്നാല്‍ പക്ഷിപ്പനി കൂടി വന്നതോടെ വില പിന്നെയും താണു.
അപ്രതീക്ഷിതമായുണ്ടായ വിലക്കുറവ് ജനങ്ങളില്‍ സംശയം ഉയര്‍ത്തിയതും വ്യാപാരത്തില്‍ പ്രതിഫലിക്കുന്നുണ്ട്. ഏതാനും ദിവസങ്ങളായി ശരാശരി 35-40 രൂപക്കാണ് ഇറച്ചിക്കോഴികള്‍ വില്‍ക്കുന്നത്. ഒരു കിലോ കോഴിക്ക് 75 മുതല്‍ 80 രൂപ വരെ ചിലവ് വരുമ്പോഴാണ് വിപണിയില്‍ വന്‍വിലക്കുറവില്‍ വില്‍പ്പന നടത്തേണ്ടി വരുന്നത്. ഇത് വന്‍ സാമ്പത്തിക നഷ്ടമാണ് വരുത്തിവയ്‌ക്കുന്നത്. ആളുകള്‍ കോഴിയിറച്ചിയോട് മുഖം തിരിക്കുന്നതോടെ മൊത്തവിപണിയിലേക്ക് പോകുന്ന കോഴിയുടെ അളവും കുറഞ്ഞു. വ്യാപാരികള്‍ തമ്മിലുള്ള മത്സരവും വിലക്കുറവിന് കാരണമാകുന്നുണ്ട്.
കുറഞ്ഞ വിലക്ക് വില്‍ക്കാനാവാത്തതിനാല്‍ പല ഫാമുകളിലും പുതിയ കോഴിക്കുഞ്ഞുങ്ങളെ വളര്‍ത്തുന്നില്ല. കേരളത്തില്‍ ഫാമുടമകള്‍ പ്രതിസന്ധിയിലാണെങ്കിലും ജി.എസ്.ടി ഇല്ലാത്തതിനാല്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും യഥേഷ്ടം കോഴി വരുന്നുണ്ട്. ഇങ്ങനെ പോയാല്‍ വരും നാളുകളില്‍ കോഴി വിലയില്‍ ഇനിയും ഇടിവുണ്ടാകും.