കാസർകോട്: പൊലീസ് വാഹനം നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് കത്തിനശിച്ചു. വിദ്യാനഗർ പൊലീസ് സ്റ്റേഷനിലെ വാഹനത്തിനാണ് തീപിടിച്ചത്. സ്റ്റേഷൻ ഡ്രൈവർ ബിജു നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.
വിദ്യാനഗർ സ്റ്റേഡിയത്തിന് സമീപത്തുവച്ച് പുലർച്ചെ 4.30ഓടെയാണ് അപകടമുണ്ടായത്. രാത്രികാല പരിശോധന കഴിഞ്ഞ് എസ്ഐയെയും മറ്റു പൊലീസുകാരെയും സ്റ്റേഷനിൽ എത്തിച്ചു മടങ്ങവെയാണ് അപകടം. നിയന്ത്രണം വിട്ട ജീപ്പ് വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു.
തീപിടിച്ചത് കണ്ട ഡ്രൈവർ ഇറങ്ങിയോടി. അഗ്നിരക്ഷാസേന എത്തിയാണ് തീ അണച്ചത്. അപകടത്തിൽ ബൊലേറോ ജീപ്പ് പൂർണമായും കത്തി നശിച്ചു. അപകടത്തിൽ പരിക്കേറ്റ ബിജു കാസർകോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.