കാസർകോട് : സ്വർണ വ്യാപാരിയുടെ ഡ്രൈവറെ തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ച പ്രതികളെ കണ്ടെത്താൻ കാസർകോട് മുതൽ കോഴിക്കോട് വരെയുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസ്. കാസർകോട് നിന്നും ലഭിച്ച ദൃശ്യങ്ങളിൽ വ്യക്തത ഇല്ലാത്തതിനാലാണ് കണ്ണൂരിലെയും കോഴിക്കോടെയും ദൃശ്യങ്ങൾ കൂടി ശേഖരിക്കാൻ അന്വേഷണ സംഘം തീരുമാനിച്ചത്.
കാസർകോട് ഡിവൈഎസ്‌പി പി. ബാലകൃഷ്‌ണൻ നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. പ്രതികളുടേതെന്ന് സംശയിക്കുന്ന ഫോട്ടോ പൊലീസ് പുറത്തുവിട്ടെങ്കിലും കേസിൽ കാര്യമായ പുരോഗതി ഉണ്ടായില്ല. കൊള്ള സംഘം സഞ്ചരിച്ച വാഹനങ്ങളുടെ നമ്പർ വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. മൂന്ന് വാഹനങ്ങളിലായാണ് സംഘം എത്തിയത്.
ALSO READ: കാസർകോട് ഡ്രൈവിംഗ് ലൈസൻസിന് കൈക്കൂലി: മിന്നൽ റെയ്‌ഡിൽ പിടിച്ചത് 2,69,860 രൂപ
കഴിഞ്ഞ 22ന് മൊഗ്രാൽ പുത്തൂർ കടവത്തുവെച്ചാണ് സ്വർണ വ്യാപാരിയുടെ പണവുമായി പോകുകയായിരുന്ന മഹാരാഷ്ട്ര സാംഗ്ലിയിലെ രാഹുൽ മഹാദേവ് ജാവേറിനെ കാറുകളിൽ എത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. ഇയാളില്‍ നിന്ന് 65 ലക്ഷം രൂപ പ്രതികൾ കൊള്ളയടിച്ചു. സംഘത്തിൽ അഞ്ച് പേരുണ്ടെന്നാണ് പൊലീസിന്‍റെ നിഗമനം. പണം കൊള്ളയടിച്ച ശേഷം ജാവേറിനെയും ഇയാളുടെ കാറും പയ്യന്നൂർ ദേശീയപാതയിൽ ഉപേക്ഷിച്ചിരുന്നു.
ജാവേറിന്‍റെ നീക്കങ്ങൾ കൃത്യമായി നിരീക്ഷിച്ച ശേഷമാണ് കൊള്ള നടന്നതെന്ന് പൊലീസ് പറയുന്നു. കേസിൽ അന്വേഷണം ഊർജിതമായി നടക്കുന്നുണ്ടെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും ഡിവൈഎസ്‌പി ബാലകൃഷ്‌ണൻ നായർ പറഞ്ഞു. നേരത്തെ മഞ്ചേശ്വരത്തും ചെർക്കളയിലും സമാന രീതിയിൽ കൊള്ള നടന്നിരുന്നു.