കാസർകോട്: പെരിയ ഇരട്ട കൊലപാതക കേസന്വേഷണത്തിന് സിബിഐ സംഘം കല്യോട്ടെത്തി. തിരുവനന്തപുരം യൂണിറ്റിന്‍റെ ചുമതലയുള്ള നന്ദകുമാരൻ നായരുടെ നേതൃത്വത്തിലുള്ള 17 അംഗ സംഘമാണ് കല്യോട്ടെത്തിയത്. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് പെരിയ ഇരട്ട കൊലപാതക കേസിൽ സിബിഐ അന്വേഷണം ആരംഭിച്ചത്. സിബിഐ തിരുവനന്തപുരം യൂണിറ്റ് ഡിവൈഎസ്‌പി ടി.പി അനന്തകൃഷ്‌ണനാണ് അന്വേഷണ ചുമതല.
കല്യോട്ടെത്തിയ സിബിഐ സംഘം കൊലപാതകം നടന്ന 2019 ഫെബ്രുവരി 17 ന് സന്ധ്യക്കുണ്ടായ സംഭവം പുനരാവിഷ്‌കരിച്ചു. ബൈക്കിൽ വരികയായിരുന്ന ശരത്ത് ലാലിനെയും കൃപേഷിനെയും മറഞ്ഞിരുന്ന് അക്രമിച്ചതും വെട്ടേറ്റ് കിടന്ന ശരത്ത് ലാലിനെ ജീപ്പിൽ ആശുപത്രിയിലെത്തിച്ചതും നാട്ടുകാരുടെ സഹായത്തോടെയാണ് പുനരാവിഷ്‌കരിച്ചത്. ശരത്ത് ലാലിന്‍റെ വല്യച്ഛൻ ദാമോദരനും കൃപേഷിനെ ആദ്യം കണ്ട ശ്രീകാന്തും സിബിഐ സംഘത്തിന് മുന്നിൽ സംഭവം വിവരിച്ചു.
ശരത് ലാലിന്‍റെയും, കൃപേഷിന്‍റെയും കൊലപാതകത്തിന് പിന്നിലെ ഗൂഡാലോചനയും, ശക്തികളെയും കണ്ടെത്തുകയെന്നതാണ് സിബിഐയുടെ വെല്ലുവിളി. പെരിയ ലോക്കൽ കമ്മിറ്റി അംഗമായിരുന്ന എ. പീതാംബരൻ, ഉദുമ ഏരിയാ സെക്രട്ടറി കെ. മണികണ്‌ഠനും ഉൾപ്പടെ 14 സിപിഎം പ്രവർത്തകരാണ് ക്രൈംബ്രാഞ്ച് നൽകിയ കുറ്റപത്രത്തിലെ പ്രതികൾ.
എന്നാൽ ഉന്നത നേതൃത്വത്തിന്‍റെ ഗൂഢാലോചന കൊലയ്ക്ക് പിന്നിലുണ്ടെന്ന ശരത് ലാലിന്‍റെയും, കൃപേഷിന്‍റെയും രക്ഷിതാക്കളുടെ ഹർജി പരിഗണിച്ചാണ് ഹൈക്കോടതിയും, സുപ്രീംകോടതിയും സിബിഐ അന്വേഷണത്തിന് അനുമതി നൽകിയത്. അതേസമയം സിബിഐയ്‌ക്ക് ക്യാമ്പ് ഓഫീസും വാഹനവും മൂന്ന് പൊലീസുകാരെയും വിട്ടുനൽകണമെന്ന് അവശ്യപ്പെട്ടുവെങ്കിലും അതിൽ ഇനിയും തുടർ നടപടികൾ ഉണ്ടായിട്ടില്ല.