കാസർകോട് : കേരളത്തിലെ വരൾച്ച പ്രതിസന്ധിക്ക് ഇരട്ടി പ്രഹരമായി പയസ്വിനി പുഴയിൽ കർണാടകയുടെ വൻ തടയണ ഉയരുന്നു. സുള്ള്യയിൽ നിർമാണം പുരോഗമിക്കുന്ന പദ്ധതി പൂർത്തിയായാൽ കേരളത്തിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്‍റ അളവ് കുറയും. ഇത് കാസർകോട്ടെ പല മേഖലകളിലും കടുത്ത ജലക്ഷാമമുണ്ടാക്കുമെന്നാണ് ആശങ്ക.
നാലുമാസത്തിനകം 80 ശതമാനം പ്രവൃത്തിയും പൂർത്തീയായി കഴിഞ്ഞു. 11 മീറ്റർ ഉയരത്തിൽ കിലോമീറ്ററുകളോളം ജലംസംഭരിക്കാൻ ഉദ്ദേശിച്ചുള്ളതാണ് പദ്ധതി. ഇത് പൂർത്തിയാകുന്നതോടെ മഴയിൽ ലഭിക്കുന്ന വെള്ളം പൂർണമായും സംഭരിക്കപ്പെടും. അതോടെ കേരളത്തിലേക്ക് ഒഴുകിവരുന്ന വെള്ളത്തിന്‍റെ അളവ് കുറയും.
പഞ്ചിക്കൽ മുതൽ ചെമ്മനാട് വരെ കടുത്ത ജലക്ഷാമം നേരിടുന്നതിന് ഇത് കാരണമാകും. മണൽ നിറച്ച പ്ലാസ്റ്റിക് ചാക്കുകൾ അടുക്കിവെച്ചായിരുന്നു വർഷങ്ങളായി ഇവിടെ താത്‌കാലിക തടയണ നിർമിച്ചിരുന്നത്. എന്നാൽ ഇപ്പോൾ 17 കോടി ചെലവഴിച്ചാണ് പുതിയ തടയണയുടെ നിർമാണം. ഡിസംബറിൽ ആരംഭിച്ച നിർമാണം ഈ മാസം അവസാന വാരത്തോടെ പൂർത്തിയാവും.
കേരള അതിർത്തിയിൽ നിന്ന് പദ്ധതി പ്രദേശത്തേക്ക് 20 കിലോമീറ്റർ ദൂരമുണ്ടെങ്കിലും നീരൊഴുക്ക് കുറഞ്ഞാൽ കേരളത്തിന്‍റെ ബാവിക്കര തടയണയിൽ വെള്ളമെത്തുന്നത് കുറയും. അതോടെ കാസർകോട് മുനിസിപ്പാലിറ്റി, ചെങ്കള പഞ്ചായത്ത് എന്നിവിടങ്ങളിൽ കുടിവെള്ളവും മുട്ടും. സുള്ള്യ നഗരത്തിലേക്ക് വെള്ളമെത്തിക്കുന്നതിനായാണ് പയസ്വിനി പുഴയില്‍ തടയണ നിര്‍മിക്കുന്നതെന്നാണ് കര്‍ണാടക പറയുന്നത്.
നഗരത്തിലെ ആവശ്യങ്ങള്‍ക്കായുള്ള വെള്ളം മാത്രമേ തടയണയില്‍ ശേഖരിക്കൂ എന്നാണ് വിശദീകരണം. സുള്ള്യ താലൂക്കിലെ ജലലഭ്യത ഉറപ്പിക്കാൻ ഉദ്ദേശിച്ചുള്ള പദ്ധതിയാണെങ്കിലും ഫലത്തിൽ തിരിച്ചടിയാവുന്നത് കാസർകോട് താലൂക്കിനാണ്. പ്രശ്‌നം പരിഹരിക്കാൻ ഇരുസംസ്ഥാനങ്ങളും എത്രയും പെട്ടെന്ന് ചർച്ച നടത്തണമെന്നും അല്ലെങ്കിൽ കടുത്ത കുടിവെള്ള പ്രശ്‌നം നേരിടേണ്ടി വരുമെന്നും കേരള അതിർത്തിയിൽ ഉള്ളവർ പറയുന്നു.