കാസർകോട്: കാസർകോട് നഗരസഭയിലെ പാർക്കുകൾ അപകട ഭീഷണിയിൽ. നീണ്ട കാലത്തെ ഇടവേളയ്‌ക്ക് ശേഷമാണ് പാർക്കുകൾ തുറന്നതെങ്കിലും പാർക്കിന്‍റെ മുഖഛായ മാറ്റാൻ ഇനിയും അധികൃതർക്ക് സാധിച്ചിട്ടില്ല. കളി ഉപകരണങ്ങൾ പലതും തുരുമ്പെടുത്ത അവസ്ഥയിലാണ്. പാർക്കിനുള്ളിലെ അലങ്കാര കിണർ കൊതുകുകളുടെ കേന്ദ്രമായി മാറി. കാടുകൾ വെട്ടി വൃത്തിയാക്കി എന്നല്ലാതെ മറ്റു മാറ്റങ്ങൾ ഒന്നും തന്നെ പാർക്കിൽ വരുത്തിയിട്ടില്ല. തളങ്കരയിലെ കുട്ടികളുടെ പാർക്കിൽ 12ഓളം പുതിയ ഉപകരണങ്ങൾ സ്ഥാപിച്ചുവെങ്കിലും പഴയ കളിയുപകരണങ്ങൾ പാർക്കിൽ നിന്നും നീക്കം ചെയ്തിട്ടില്ല.
തളങ്കരയിൽ പുഴയോരത്ത് സ്ഥിതി ചെയ്യുന്ന പാർക്കിന്‍റെ മതിൽ തകർന്ന് മാസങ്ങൾ ആയിട്ടും അത് പുനർനിർമിക്കാത്തത് അപകട ഭീഷണി ഉയർത്തുന്നു. അവധി ദിവസങ്ങളിൽ നിരവധി ആളുകളാണ് പാർക്കിലേക്ക് എത്തുന്നത്. ഒരു സമയം 100 പേർക്ക് മാത്രമാണ് പ്രവേശനം എന്നു പറയുമ്പോഴും ആളുകളെ എങ്ങനെ നിയന്ത്രിക്കും എന്നതും ഒരു പ്രധാന പ്രശ്നമായി നിലകൊള്ളുന്നു.