കാസര്‍കോട്: റബര്‍ മരങ്ങള്‍ മുറിച്ച് നീക്കി നൂറുമേനി നെല്ല് വിളയിച്ച് മടിക്കൈ കാരാക്കോട്ടെ വിജയനെന്ന കര്‍ഷകന്‍. റബര്‍ തോട്ടമായിരുന്ന മൂന്ന് ഏക്കര്‍ സ്ഥലത്താണ് വിയജന്‍ നെല്‍ കൃഷിയിറക്കിയത്. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഉമ, തൊണ്ണൂറാന്‍ എന്നീ നെല്‍ വിത്തിനങ്ങളാണ് വിതച്ചത്. തൊണ്ണൂറാന്‍ എന്ന വിത്തിനം ഉപയോഗിച്ച് നടത്തിയ നെല്‍കൃഷിയുടെ വിളവെടുപ്പ് ഉത്സവമായി തന്നെ നടത്തി.
നെല്‍ വയലുകള്‍ തരിശായി കിടക്കുന്ന കാലത്താണ് റബര്‍ മരങ്ങള്‍ മുറിച്ച് മാറ്റി നെല്‍ കൃഷിയെന്ന ധീരമായ ചുവടുവെപ്പ് വിജയന്‍ നടത്തിയത്. നെല്‍ കൃഷിക്ക് പുറമേ രണ്ട് ഏക്കര്‍ പ്രദേശത്ത് വാഴ, പപ്പായ, വിയറ്റ്നാം പ്ലാവ്, ആകാശവെള്ളരി എന്നിവയും മത്സ്യം, ആട്, കോഴി വളര്‍ത്തലുമുണ്ട്. വിജയന്‍റെ വിജയഗാഥയ്‌ക്ക് പിന്നില്‍ പൂര്‍ണ പിന്തുണ നല്‍കി അധ്യാപികയായ ഭാര്യയും മകളും ഒപ്പമുണ്ട്. കൃഷിക്ക് വേണ്ട മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുന്നത് മടിക്കൈ കൃഷിഭവനിലെ കൃഷി ഓഫീസര്‍ എസ് അഞ്ജുവും കൃഷി അസിസ്റ്റന്‍റ് സ്‌മിജയുമാണ്. സമിശ്രകൃഷി നടത്തുന്ന വിജയന്‍ ജൈവകൃഷിക്കാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്.