കാസർകോട്: പാര്‍ട്ടിയില്‍ ചര്‍ച്ച നടന്നാല്‍ അത് തകരുകയല്ല ചെയ്യുകയെന്നും ഊതിക്കാച്ചിയ ശുദ്ധമായ സ്വര്‍ണം കിട്ടുന്നതുപോലെ ശുദ്ധമായ പ്രസ്ഥാനമായി മാറുമെന്നും സിപിഎം നേതാവ് പി ജയരാജന്‍. പാര്‍ട്ടിയുടെ സ്വത്വത്തില്‍ നിന്ന് വ്യതിചലിച്ചാല്‍ ചൂണ്ടിക്കാട്ടുകയും അത് തിരുത്താന്‍ ആവശ്യപ്പെടുകയും ചെയ്യും. തിരുത്തിയില്ലെങ്കില്‍ സിപിഎമ്മില്‍ അവര്‍ക്ക് സ്ഥാനമില്ലെന്ന് പ്രഖ്യാപിക്കുമെന്നും പി ജയരാജന്‍ പറഞ്ഞു. കാഞ്ഞങ്ങാട് നടന്ന പാര്‍ട്ടി പരിപാടിക്കിടെയാണ് ജയരാജന്‍ ആരോപണം തള്ളാതെ ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.
കഴിഞ്ഞ ദിവസം നടന്ന സിപിഎം സംസ്ഥാന സമിതിയില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനെതിരെ അനധികൃത സ്വത്ത് സമ്പാദന ആരോപണം ഉന്നയിച്ചതായ വാർത്തയിൽ ചർച്ച ചൂടുപിടിക്കെയാണ് പി ജയരാജന്‍റെ പ്രതികരണം. സിപിഎമ്മിനകത്ത് നടക്കുന്ന ചര്‍ച്ചകള്‍ പാര്‍ട്ടിയെ ശക്തമാക്കുകയെ ഉള്ളൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 'ഇന്നലത്തെയും ഇന്നത്തെയും മാധ്യമ വാര്‍ത്തകള്‍ നോക്കിയാല്‍ നിങ്ങള്‍ക്ക് അറിയാം.
കേരളത്തിലെ സിപിഎമ്മിനകത്ത് വലിയ കുഴപ്പം നടക്കാന്‍ പോകുകയാണെന്നാണ് പറയുന്നത്. സിപിഎം എന്ന ഈ പാര്‍ട്ടി പ്രത്യേക തരം പാര്‍ട്ടിയാണ്. അത് കോണ്‍ഗ്രസിനെയോ ബിജെപിയോ മുസ്‌ലിം ലീഗിനെയോ പോലെയല്ല.
ഓരോ അംഗവും ഈ പാര്‍ട്ടിയിലേക്ക് കടന്നുവരുന്ന അവസരത്തില്‍ അവര്‍ ഒപ്പിട്ട് നല്‍കുന്ന ഒരു പ്രതിജ്ഞയുണ്ട്. വ്യക്തിതാത്പര്യം പാര്‍ട്ടിയുടെയും സമൂഹത്തിന്‍റെയും താത്പര്യങ്ങള്‍ക്ക് കീഴ്‌പ്പെടുത്തണമെന്നതാണ്. അത് കൃത്യമായി നടപ്പാക്കും. ഈ നാടിന്‍റെ താത്പര്യത്തിനും പാര്‍ട്ടിയുടെ താത്പര്യത്തിനും കീഴടങ്ങിക്കൊണ്ടുള്ള നിലപാടാണ് ഓരോ പാര്‍ട്ടി അംഗവും സ്വീകരിക്കേണ്ടത്.
സ്വാഭാവികമായി സമൂഹത്തില്‍ ഒട്ടേറെ ജീര്‍ണതകളുണ്ട്. ആ ആശയങ്ങള്‍ സിപിഎമ്മിന്‍റെ ഒരു പ്രവര്‍ത്തകനെ ബാധിക്കുമ്പോള്‍ സ്വാഭാവികമായി അത് പാര്‍ട്ടി ചര്‍ച്ച ചെയ്യും. അങ്ങനെ ബാധിക്കാന്‍ പാടില്ല. സിപിഎം നിലകൊള്ളുന്നത് മതനിരപേക്ഷതയ്ക്ക് വേണ്ടിയിട്ടാണ്. ആ മതനിരപക്ഷേതയുടെ സ്വത്വം ഉള്‍ക്കൊണ്ട് ജീവിക്കേണ്ടവരാണ് സിപിഎം പ്രവര്‍ത്തകര്‍.
അതില്‍ വ്യതിചലനമുണ്ടെങ്കില്‍ പാര്‍ട്ടി ചൂണ്ടിക്കാണിക്കും. തിരുത്താന്‍ ആവശ്യപ്പെടും തിരുത്തുന്നില്ലെങ്കില്‍ അവര്‍ക്ക് സിപിഎമ്മില്‍ സ്ഥാനമില്ലെന്ന് പ്രഖ്യാപിക്കും. അതാണ് ഈ പാര്‍ട്ടിയുടെ സവിശേഷത - ജയരാജന്‍ പറഞ്ഞു.