കാസർകോട്: മംഗലാപുരത്ത് നിന്ന് എത്താതായതോടെ ജില്ലയിലെ സ്വകാര്യ ആശുപത്രികളിൽ ഓക്‌സിജൻ ക്ഷാമം രൂക്ഷമായി. മൂന്ന് ദിവസമായി മംഗലാപുരത്ത് നിന്നുള്ള ഓക്‌സിജൻ വിതരണം മുടങ്ങിയിട്ട്. സ്വകാര്യ ആശുപത്രിയികളിലെ ചികിത്സ ഇതുമൂലം പ്രതിസന്ധിയിലാണ്. നിലവിൽ ചെങ്കള ഇ.കെ.നായനാർ സഹകരണ ആശുപത്രിയിലും കാസർകോട് കിംസ് സണ്‍റൈസ് ആശുപത്രിയിലുമാണ് ഓക്‌സിജൻ അത്യാവശ്യമായി വേണ്ടത്.
Read More: മറ്റ് സംസ്ഥാനങ്ങൾക്ക് ഓക്‌സിജൻ നൽകാൻ ആകില്ലെന്ന് കേരളം
ഇ.കെ.നായനാർ സഹകരണ ആശുപത്രിയിൽ ചികിത്സയിലുള്ളത് 48 കൊവിഡ് രോഗികളാണ്. ഇവരിൽ 12 പേർക്കാണ് ഓക്‌സിജൻ വേണ്ടത്. കിംസ് ആശുപത്രിയിൽ ഓക്‌സിജൻ ആവശ്യമുള്ള എട്ട് കൊവിഡ് രോഗികളോട് ഡിസ്ചാര്‍ജ് വാങ്ങിപ്പോകാൻ ആവശ്യപ്പെട്ടെന്നാണ് വിവരം. കിംസിൽ ആശുപത്രിയിൽ ഓക്‌സിജന്‍ ക്ഷാമമുണ്ടെന്ന അറിയിപ്പ് ആശുപത്രി അധികൃതർ തന്നെയാണ് പുറത്തുവിട്ടത്. രോഗികളെ ഡിസ്‌ചാര്‍ജ് ചെയ്യാനുള്ള നടപടി തുടങ്ങിയെന്നാണ് ആശുപത്രി അഡ്മിനിസ്‌ട്രേറ്റര്‍ അറിയിച്ചത്. നിലവില്‍ വൈകിട്ട് വരെ പ്രവര്‍ത്തിക്കാനുള്ള ഓക്‌സിജന്‍ മാത്രമാണ് സ്‌റ്റോക്കുള്ളത്. മംഗലാപുരത്ത് കൊവിഡ് രോഗികളുടെ എണ്ണം കൂടിയതോടെ ഓക്‌സിജന്‍ വരവ് കുറഞ്ഞു. മുന്‍പ് ഉപയോഗിച്ചതിന്‍റെ പതിന്മടങ്ങ് സിലിണ്ടര്‍ ഇപ്പോള്‍ ആവശ്യം വരുന്നതായും ആശുപത്രി അധികൃതർ വ്യക്തമാക്കി.
Read More: കൊവിഡ് വച്ച് എല്‍ഡിഎഫ് രാഷ്ട്രീയം കളിക്കുകയാണെന്ന് കെ.സുധാകരൻ
അതേസമയം ഓക്‌സിജൻ ക്ഷാമം ഉണ്ടെന്ന് അറിഞ്ഞതോടെ സംസ്ഥാന ആരോഗ്യ വകുപ്പ് അടിയന്തര ഇടപെടൽ നടത്തി. വൈകിട്ടോടെ 15 സിലിണ്ടറുകൾ കണ്ണൂരിൽ നിന്നും ജില്ലയിലേക്ക് എത്തും. കണ്ണൂരിൽ ഓക്‌സിജൻ ഉത്പാദനം നടക്കുന്നതിനാൽ സിലിണ്ടറുകൾ എത്തിക്കാൻ ബുദ്ധിമുട്ടുണ്ടാകില്ലെന്നാണ് വിവരം. അതേസമയം ആവശ്യം മുൻകൂട്ടി കണ്ട് ഓക്‌സിജൻ ശേഖരിക്കുന്നതിൽ സ്വകാര്യ ആശുപത്രി അധികൃതർ വീഴ്‌ച വരുത്തിയെന്നും ആരോപണമുണ്ട്.