കാസർകോട്: നവംബർ അവസാനവാരം കാഞ്ഞങ്ങാട് നടക്കുന്ന 60-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവം നാടിന്‍റ ഉത്സവമാക്കാനുള്ള തയ്യാറെടുപ്പില്‍ സംഘാടക സമിതി. ഒരുക്കങ്ങൾ വിലയിരുത്താൻ വിദ്യാഭ്യാസ-റവന്യൂ മന്ത്രിമാരുടെ സാന്നിധ്യത്തിൽ കാഞ്ഞങ്ങാട് ചേർന്ന അവലോകന യോഗത്തില്‍ സംസ്ഥാന സ്‌കൂൾ കലോത്സവ ലോഗോ പുറത്തിറക്കി.
പൂർണമായും ഹരിത ചട്ടം പാലിക്കുന്നതായിരിക്കും ഇത്തവണത്തെ കലോത്സവമെന്ന് മന്ത്രി സി.രവീന്ദ്രനാഥ് പറഞ്ഞു. സമയക്രമീകരണം കൃത്യമായി പാലിക്കുന്നതിലൂടെ നാല് ദിവസങ്ങളിലായി കലോത്സവം നടത്താനാകുമെന്നും മന്ത്രി പറഞ്ഞു. കേരളം കണ്ട ഏറ്റവും വലിയ കലോത്സവമായി കാഞ്ഞങ്ങാട് കലോത്സവം മാറണമെന്ന് മന്ത്രി ഇ.ചന്ദ്രശേഖരൻ അഭിപ്രായപ്പെട്ടു.
30 വേദികളിലായി നടക്കുന്ന കലോത്സവത്തിൽ വേദികളെ തമ്മില്‍ ഹൈടെക് സംവിധാനത്തിൽ ബന്ധിപ്പിക്കും. എന്തുപ്രശ്‌നമുണ്ടെങ്കിലും നിമിഷ നേരം കൊണ്ട് പൊതുവിദ്യാഭ്യാസ ഡയറക്‌ടറെ അറിയിക്കാനും സംവിധാനമുണ്ടാകും. ഹരിത ചട്ടത്തിന്‍റെ ഭാഗമായി 2000 ത്തോളം തുണി സഞ്ചികളാണ് കലോത്സവത്തിനായി തയാറാക്കുന്നത്.