കാസർകോട്: ക്ഷേത്രോത്സവത്തിന് വിളമ്പാന്‍ ജൈവ പച്ചക്കറി വിളവെടുപ്പ്. കൂട്‌ലു ദേവരഗുഡെ ശ്രീശൈല മഹാദേവ ക്ഷേത്ര പുനഃപ്രതിഷ്ഠാ ബ്രഹ്മകലശോത്സവത്തിന്റെ ഭാഗമായി ഇറക്കിയ കൃഷിയിലാണ് നൂറ് മേനി വിളഞ്ഞത്. വിളവെടുപ്പ് നാടിന്റെ ഉത്സവമായി മാറി. ഒരാഴ്ചക്കാലം നീണ്ടു നില്‍ക്കുന്ന ക്ഷേത്രോത്സവത്തിനെത്തുന്ന ഭക്തരെ ഊട്ടുന്നതിനുള്ള കറികള്‍ക്കായാണ് പച്ചക്കറി കൃഷിയിറക്കിയത്.
ക്ഷേത്രമുറ്റത്ത് നിലമൊരുക്കിയായിരുന്നു ജൈവകൃഷി നടത്തിയത്. വളം ഇട്ടതും പരിപാലനവുമെല്ലാം നടത്തിയത് നാട്ടുകാര്‍ തന്നെയായിരുന്നു. വെള്ളരി, വെണ്ട, പാവല്‍ തുടങ്ങിയവയെല്ലാം ക്ഷേത്രവളപ്പിലെ കൃഷിയിടത്തില്‍ വിളഞ്ഞപ്പോള്‍ പ്രദേശത്തെ കര്‍ഷകര്‍ തങ്ങളുടെ പുരയിടത്തിലും ഉത്സവത്തിനായി കൃഷിയിറക്കി. പച്ചക്കറിക്ക് പുറമെ ഉത്സവദിവസങ്ങളിലെ അന്നദാനത്തിനായി നെല്‍കൃഷിയും വിളവെടുത്തിരുന്നു.