കാസര്‍കോട്: സുമനസുകൾ കൈകോർത്തപ്പോൾ ഒരു വീട്ടിലെ അഞ്ച് കുട്ടികൾക്ക് ഓൺലൈൻ പഠന സൗകര്യം ഒരുങ്ങി. നെല്ലിക്കട്ടയിലെ അഹമ്മദ്, നസീമ ദമ്പതികളുടെ കുട്ടികൾക്കാണ് ഓൺലൈൻ പഠനത്തിനായി ഒരു പറ്റം മനുഷ്യ സ്നേഹികൾ കൈകോർത്തത്. യതീംഖാനയിൽ നിന്ന് വീട്ടിലെത്തിയ കുട്ടികള്‍ക്കായി ടിവിയും ചാനൽ ഡിഷും പുസ്‌തക സാമഗ്രികളുമാണ് ഇവരുടെ നെല്ലിക്കട്ട ബിലാൽ നഗറിലെ വീട്ടിലെത്തിച്ചത്. കാസർകോട് ചൈൽഡ് വെൽഫയർ കമ്മിറ്റിയും ചെറുവത്തൂരിലെ മനുഷ്യസ്നേഹികളുമാണ് ടിവിയും ഡിഷും സംഭാവന ചെയ്തത്.
കൊവിഡ് പശ്ചാത്തലത്തിലാണ് കാഞ്ഞങ്ങാട് യതീംഖാനയിൽ നിന്ന് ഒരു മാസം മുമ്പ് കുട്ടികൾ വീട്ടിലെത്തിയത്. ഷയാസ്, സിനാൻ, റാഷിദ്, അജ്‌മൽ, അർഷാദ് എന്നിവർ യഥാക്രമം 9,8,5,4,2 ക്ലാസുകളിലാണ് പഠിക്കുന്നത്. ഉമ്മ നസീമ ഒന്നരവയസും 22 ദിവസം പ്രായമുള്ളതുമായ രണ്ട് കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയെന്ന കേസിനെത്തുടർന്ന് സി.ഡബ്ല്യൂ.സി ഉത്തരവിലാണ് കുട്ടികളെ യാതീഖാനയിൽ പ്രവേശിപ്പിച്ചത്. മാനസിക അസ്വാസ്ഥ്യം ഉള്ളതിനാൽ കോടതി ഇവരെ കുറ്റവിമുക്തരാക്കിയിരുന്നു. നസീമ ഇപ്പോൾ ചികത്സയിലാണ്. 50 വയസുള്ള അഹ്‌മദ് കൂലിപ്പണിക്ക് പോയി കിട്ടുന്ന വരുമാനം മാത്രമാണ് കുടുംബത്തിന്‍റെ അത്താണി. മൂത്ത സഹോദരൻ ഇരുപതുകാരൻ സാക്കിർ കൊച്ചിയിൽ ഷൂട്ടിങ് സഹായിയായി ജോലി നോക്കുകയായിരുന്നു. ഏറ്റവും ഇളയവൻ അൻവർ സാദിഖ് നാലാം വയസിൽ അങ്കണവാടിയിലുമാണ്.
ഈ അവസ്ഥയിൽ ടിവി വാങ്ങാനുള്ള സാമ്പത്തിക അവസ്ഥ അഹമ്മദിനുണ്ടായിരുന്നില്ല. ചൈൽഡ് വെൽഫയർ കമ്മിറ്റിയംഗമായ അഡ്വ കെ രജിതയാണ് കുട്ടികളുടെ ദുരിതം ചെറുവത്തൂരിലെ സിഐടിയു പ്രവർത്തകനായ ഓട്ടോ തൊഴിലാളി എം.പി മനോജ് കുമാറിനെ അറിയിക്കുന്നത്. റെയിൽവേ ഗേറ്റ് ബോയ്‌സ് ടിവി നൽകിയപ്പോൾ ഷൈജു, ദിനേശൻ, അമീർ എന്നിവർ മറ്റു സംവിധാനങ്ങളും പുസ്‌തക സാമഗ്രികളും നൽകി.