കാസര്‍കോട്: ബെഡ്ഷീറ്റ് ചലഞ്ചുമായി എൻ.എസ്.എസ് വളണ്ടിയർമാർ. ഹയർസെക്കന്‍ഡറി വിഭാഗം നാഷണൽ സർവീസ് സ്കീമാണ് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ പ്രവർത്തനമാരംഭിച്ച കൊവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്‍റ് സെന്‍ററിലേക്ക് ആവശ്യമായ ബെഡ്ഷീറ്റും തലയണയും ശേഖരിച്ച് നൽകാൻ ചലഞ്ച് സംഘടിപ്പിച്ചത്. എൻ.എസ്.എസ് വളണ്ടിയർമാർ ശേഖരിച്ച 5511 ബെഡ് ഷീറ്റുകളും അത്ര തന്നെ തലയണ കവറുകളും റവന്യൂ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരൻ ഏറ്റുവാങ്ങി.
'അതിജീവിക്കും ഈ കൊറോണക്കാലവും' എന്ന പ്രതിരോധ പദ്ധതി പ്രകാരം ജില്ലയിലെ 51 എൻഎസ്എസ് യൂണിറ്റുകളിലെ പ്രോഗ്രാം ഓഫീസർമാരുടെ നേതൃത്വത്തിൽ അയ്യായിരത്തോളം വളണ്ടിയർമാർ ചേർന്നാണ് 3,58,215 രൂപയുടെ ബെഡ് ഷീറ്റുകൾ ശേഖരിച്ചത്. കാസർകോട് ജില്ല മെഡിക്കൽ ഓഫീസർ ഡോ: എ.വി. രാംദാസ് അധ്യക്ഷനായ ചടങ്ങില്‍ എൻ.എസ്.എസ് ജില്ല കൺവീനർ വി. ഹരിദാസ്, പി.എ.സി അംഗങ്ങളായ ഷാഹുൽ ഹമീദ്, എം. മണികണ്ഠൻ, എം.രാജീവൻ, സി.പ്രവീൺ കുമാർ, കെ.വി രതീഷ്, എ. മധുസൂദനൻ എന്നിവർ സംസാരിച്ചു.