കാസർകോട് : എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരായ കുട്ടികള്‍ പഠിക്കുന്ന ജില്ലയിലെ മാതൃക ശിശു പുനരധിവാസ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം അവതാളത്തില്‍. സാമൂഹിക സുരക്ഷ മിഷന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രങ്ങളിലെ ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങിയതാണ് പ്രവര്‍ത്തനം നിലയ്‌ക്കുന്നതിലേക്ക് എത്തിച്ചത്. കഴിഞ്ഞ നാല് മാസമായി ജീവനക്കാര്‍ക്ക് ശമ്പളം ലഭിച്ചിട്ട്. ഇതോടെ ഇന്ന് (സെപ്‌റ്റംബര്‍ 26) മുതല്‍ ജോലി നിര്‍ത്തിവച്ച് പ്രതിഷേധിക്കുകയാണ് ജീവനക്കാര്‍ (No Salary In Endosulfan Rehab Centers).
കുട്ടികളുടെ പഠനം സംബന്ധിച്ച് ആശങ്ക ഉണ്ടെങ്കിലും അവധി എടുക്കാതെ മറ്റ് മാർഗങ്ങളില്ലെന്ന് ജീവനക്കാർ പറയുന്നു. ഓണത്തിന് പോലും തങ്ങള്‍ക്ക് ശമ്പളം ലഭിച്ചിട്ടില്ലെന്നും യാത്ര ചെലവിന് പോലും മറ്റുള്ളവരില്‍ നിന്നും കടം വാങ്ങേണ്ട അവസ്ഥയാണെന്നും ജീവനക്കാര്‍ പറയുന്നു.
സാമൂഹ്യ സുരക്ഷ മിഷന്‍റെ കീഴിൽ ജില്ലയിൽ പത്ത് മാതൃക ശിശു പുനരധിവാസ കേന്ദ്രങ്ങളാണ്
പ്രവർത്തിക്കുന്നത്. എൻഡോസൾഫൻ ദുരിത ബാധിതര്‍ ഉള്‍പ്പടെ 400 ഓളം കുട്ടികളാണ് ഇത്തരം കേന്ദ്രങ്ങളിൽ പഠിക്കുന്നത്. തെറാപിസ്റ്റ് മുതൽ ഭക്ഷണം പാകം ചെയ്യുന്ന ജീവനക്കാർക്കുവരെ ശമ്പളം ലഭിച്ചിട്ട് മാസങ്ങളായി.
ദൂര സ്ഥലങ്ങളില്‍ നിന്നും ദിവസവും യാത്ര ചെയ്‌ത് വരുന്നവരാണ് ജീവനക്കാരില്‍ മിക്കവരും. വിഷയത്തില്‍ നടപടി ആവശ്യപ്പെട്ട് നിരവധി തവണ അധികൃതരെ സമീപിച്ചെങ്കിലും നടപടിയുണ്ടായില്ലെന്ന് ജീവനക്കാര്‍ പറയുന്നു. അധ്യാപകർ അവധിയിൽ പോകുന്നത്തോടെ രക്ഷിതാക്കളും ആശങ്കയിലാണ്. നിലവില്‍ തുടര്‍ച്ചയായി ക്ലാസ് ലഭിക്കുന്നത് കുട്ടികളുടെ മാനസിക ശാരീരിക ആരോഗ്യം മെച്ചപ്പെടുത്തുന്നുണ്ടെന്നും ക്ലാസ് മുടങ്ങുന്ന അവസ്ഥയുണ്ടായാല്‍ പ്രയാസമുണ്ടാകുമെന്നും രക്ഷിതാക്കള്‍ ആശങ്കപ്പെടുന്നു. വിഷയത്തില്‍ സാമൂഹ്യ നീതി വകുപ്പിനും ജില്ല കലക്‌ടര്‍ക്കും പരാതി നൽകി കാത്തിരിക്കുകയാണ് ജീവനക്കാർ.
ഇപ്പോൾ കുട്ടികൾ നല്ല രീതിയിലാണ് മുന്നോട്ട് പോകുന്നതെന്നും ക്ലാസ് മുടങ്ങിയാൽ വലിയ ബുദ്ധിമുട്ടാകുമെന്നും രക്ഷിതാക്കൾ പറഞ്ഞു. തങ്ങൾക്ക് ഇനി ജോലിക്ക് പോകാൻ സാധിക്കില്ലെന്നും, ജീവിതം വലിയ പ്രതിസന്ധിയിലേക്ക് നീങ്ങുമെന്നും ഇവർ ആശങ്കപ്പെടുന്നു.