കാസർകോട്: കൊവിഡ് കാലത്ത് വീട്ടിലകപ്പെട്ട കുട്ടികളില്‍ പുതുവത്സരത്തിന്‍റെ സന്തോഷം പകര്‍ന്ന് തപാല്‍ വഴിയെത്തിയ ആശംസ കാര്‍ഡുകള്‍. ചന്തേര ഇസ്സത്തുല്‍ ഇസ്ലാം എഎല്‍പി സ്‌കൂളാണ് പുതുവത്സര ആശംസാ കാര്‍ഡുകള്‍ കുട്ടികള്‍ക്ക് തപാലില്‍ അയച്ചത്. കൊവിഡ് ഭീതിയില്‍ വിദ്യാലയങ്ങള്‍ അടഞ്ഞുകിടക്കുമ്പോള്‍ കുട്ടികള്‍ക്ക് പുതുവത്സരാശംസകള്‍ നേരാന്‍ പുതുവഴികള്‍ തേടുകയായിരുന്നു ഈ വിദ്യാലയം.
പഠനമടക്കം എല്ലാം ഓണ്‍ലൈനായ കാലത്ത് സ്വന്തം മേല്‍വിലാസത്തില്‍ തപാല്‍ എത്തുമ്പോള്‍ അതെന്താണെന്നറിയാനുള്ള കൗതുകമായി വിദ്യാര്‍ഥികള്‍ക്ക്. പുതുവത്സരം വൈവിധ്യമാര്‍ന്ന പരിപാടികളോടെയാണ് മുന്‍ വര്‍ഷങ്ങളില്‍ വിദ്യാലയങ്ങളെല്ലാം ആഘോഷിച്ചിരുന്നതെങ്കില്‍ കാലം അതില്‍ നിന്നും മാറ്റം വരുത്തിയപ്പോഴാണ് ഇങ്ങനെയൊരു ആശയം കുറച്ച് അധ്യാപകര്‍ ചേര്‍ന്ന് പ്രാവര്‍ത്തികമാക്കിയത്. നവമാധ്യമങ്ങളിലൂടെ സെക്കന്റുകള്‍ക്കുള്ളില്‍ ആശംസകള്‍ എത്തുന്ന കാലത്ത് തപാലില്‍ കത്തുകളെത്തുന്ന സന്തോഷം കുട്ടികള്‍ക്ക് സമ്മാനിക്കുക എന്നതാണ് പ്രധാന ലക്ഷ്യം. മൂന്ന്, നാല് ക്ലാസുകളിലേക്ക് കലണ്ടറും ക്ലാസ് അധ്യാപകരുടെ ആശംസകാര്‍ഡുകളും ഒന്ന്, രണ്ട് ക്ലാസുകാര്‍ക്ക് നിറം നല്‍കാനുള്ള ആശംസകാര്‍ഡുകളുമാണ് നല്‍കിയത്. പ്രതിസന്ധിയുടെ കാലത്ത് വിദ്യാലയം കുട്ടികള്‍ക്ക് ഒപ്പമുണ്ടെന്ന സന്ദേശവും പോസ്റ്റല്‍ വകുപ്പിനെ അടുത്തറിയാനുള്ള അവസരവും കൂടിയാണ് ഇതെന്ന് അധ്യാപകര്‍ പറയുന്നു.
കുട്ടികൾ വിദ്യാലയത്തിലെത്താതിനാല്‍ പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ വൈവിധ്യമാര്‍ന്ന പരിപാടികളാണ് ഇത്തവണ വിദ്യാലയങ്ങള്‍ ഒരുക്കിയിട്ടുള്ളത്. വീടുകളിലെത്തി കുട്ടികള്‍ക്ക് അടുത്ത വര്‍ഷത്തേക്കുള്ള കലണ്ടര്‍ സമ്മാനമായി നല്‍കുകയാണ് ചെറിയാക്കര ഗവ. എല്‍.പി സ്‌കൂള്‍. വാട്‌സ് ആപ് ഗ്രൂപ്പുകളില്‍ പാട്ടും കഥകളും പുതുവത്സര പ്രതീക്ഷകളുമായി വരും ദിവസങ്ങളില്‍ ആഘോഷങ്ങള്‍ പലതുണ്ട്. കൊവിഡ് ഭീതിയകന്ന് പഴയ സന്തോഷ കാലം തിരികെയെത്തുമെന്ന പ്രതീക്ഷ കൂടിയാണ് ഇപ്രാവശ്യത്തെ പുതുവത്സര ആഘോഷം.