കാസര്‍കോട്: നീലേശ്വരം കുറുംബ ഭഗവതി ക്ഷേത്രത്തില്‍ നിന്ന് ആഭരണങ്ങള്‍ മോഷണം പോയ കേസില്‍ പ്രതികള്‍ അറസ്റ്റില്‍. നീലേശ്വരം സ്വദേശികളായ രണ്ട് പേരും കൊല്ലം സ്വദേശിയുമാണ് കവര്‍ച്ച നടത്തിയത്. മോഷണം നടത്തി 24 മണിക്കൂറിനുള്ളിലാണ് പ്രതികള്‍ പിടിയിലായത്. മോഷണം പോയതില്‍ ഒരു മാലയൊഴികെയുള്ള ആഭരണങ്ങളെല്ലാം പ്രതികളില്‍ നിന്ന് കണ്ടെടുത്തു. നീലേശ്വരം ആലിന്‍കീഴിലെ പ്രകാശന്‍, പ്രഭാകരന്‍, കൊല്ലം സ്വദേശി ദീപേഷ് എന്നിവരെയാണ് തൊണ്ടി മുതല്‍ സഹിതം നീലേശ്വരം പോലീസ് പിടികൂടിയത്.
ക്ഷേത്രത്തിനകത്തെ മുറിയില്‍ പെട്ടികളില്‍ സൂക്ഷിച്ച സ്വര്‍ണം, വെള്ളി ആഭരണങ്ങളാണ് കഴിഞ്ഞ ദിവസം മോഷണം പോയത്. ക്ഷേത്രത്തിലെ ഉത്സവ സമയത്ത് മാത്രം ഉപയോഗിക്കുന്ന ആഭരണങ്ങളാണ് മൂവര്‍ സംഘം കവര്‍ന്നത്. ഭണ്ഡാരമോ ശ്രീകോവിലോ തകര്‍ക്കുകയോ മറ്റ് വസ്തുക്കള്‍ മോഷണം നടത്തുകയോ ചെയ്തിട്ടില്ല. അതിനാല്‍ ക്ഷേത്രത്തെക്കുറിച്ച് നന്നായി അറിയുന്ന ആള്‍ തന്നെയാണ് കവര്‍ച്ചക്ക് പിന്നിലെന്ന് പൊലീസ് സംശയിച്ചിരുന്നു. സിസിടിവി ക്യാമറകളെപ്പോലും കബളിപ്പിച്ച് വിദഗ്ധമായാണ് മോഷ്ടാക്കള്‍ ക്ഷേത്രത്തിനകത്ത് കടന്നത്. നേരത്തെ മോഷണക്കേസുകളില്‍പ്പെട്ട ആളുകളെ വിളിച്ചു വരുത്തി ചോദ്യം ചെയ്തതില്‍ നിന്നാണ് പ്രതികളിലേക്ക് അന്വേഷണം എത്തിയത്. മോഷണമുതലുകള്‍ മംഗലാപുരത്ത് വില്‍പ്പന നടത്തുകയാണ് പ്രതികളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. ക്ഷേത്രത്തില്‍ നിന്നും കവര്‍ന്ന ആഭരണങ്ങളില്‍ ഒരു മാല മംഗലാപുരത്ത് വില്‍പ്പന നടത്തിയതായാണ് സൂചന.