കാസർകോട്: നവകേരള സദസിന് മഞ്ചേശ്വരത്ത് പ്രൗഢ ഗംഭീര തുടക്കം. പൈവളിഗെ ഗവണ്‍മെന്‍റ് ഹയർ സെക്കന്‍ഡറി സ്‌കൂളിൽ നവകേരള സദസിന്‍റെ സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. നവകേരള സദസ് നാടിന് വേണ്ടിയുള്ളതാണെന്ന് മുഖ്യമന്ത്രി. കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെ ജനങ്ങൾക്ക് പ്രത്യേകിച്ച് സാധാരണക്കാർക്ക് ബോധ്യമായതിന്‍റെ തെളിവാണ് മഞ്ചേശ്വരത്ത് തടിച്ചുകൂടിയ ജനക്കൂട്ടമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തിന് അർഹതപ്പെട്ട സാമ്പത്തിക ആനുകൂല്യങ്ങൾ ലഭിക്കാത്ത അവസ്ഥയുള്ളപ്പോഴും അവയെല്ലാം അവഗണിച്ച് സംസ്ഥാനം മുന്നോട്ട് കുതിക്കുകയാണ്. 57,000 കോടിയിൽപ്പരം രൂപയാണ് വിവിധ മേഖലകളിൽ കേരളത്തിന്‍റേത് വെട്ടിക്കുറച്ചത്. സംസ്ഥാനത്തിന്‍റെ കൈവശം എത്തേണ്ട തുകയാണിത്. ഈ സാമ്പത്തിക ഞെരുക്കം ചില പ്രയാസങ്ങൾ ഉണ്ടാക്കുന്നുണ്ട്. പക്ഷെ അതെല്ലാം അതിജീവിച്ച് കൊണ്ട് സംസ്ഥാനം മുന്നോട്ട് കുതിക്കുകയാണിപ്പോള്‍.
കഴിഞ്ഞ 7 വർഷത്തിനുള്ളിൽ സംസ്ഥാനത്തിന്‍റെ പ്രതിശീർഷ വരുമാനം 1,48,000 കോടി രൂപയിൽ നിന്നും 2,28,000 കോടി രൂപയായി ഉയർന്നു. രാജ്യത്ത് ഏറ്റവും കൂടുതൽ പ്രതിശീർഷ വരുമാനമുള്ള അഞ്ച് സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. ആഭ്യന്തര വളർച്ച നിരക്കിൽ 8 ശതമാനം വർധന കൈവരിച്ചു. തനതു വരുമാനം 26 ശതമാനത്തിൽ നിന്നും 67 ശതമാനമായി ഉയർന്നു. നികുതി വരുമാനത്തിൽ 23,000 കോടി രൂപയുടെ വർധനവുണ്ടായെന്നും മുഖ്യമന്ത്രി കണക്കുകൾ സഹിതം വിശദീകരിച്ചു.
ആഗോളീകരണ കാഴ്‌ചപ്പാടിന്‍റെ അടിസ്ഥാനത്തിൽ നടപ്പാക്കുന്ന സാമ്പത്തിക നയത്തിന് ബദൽ നടപ്പാക്കാൻ ശ്രമിക്കുന്നു എന്നതുകൊണ്ടാണ് സംസ്ഥാന സർക്കാരിനെ സാമ്പത്തികമായി ദുർബലപ്പെടുത്താൻ ശ്രമിക്കുന്നത്. പണക്കാരനെ കൂടുതൽ പണക്കാരനും ദരിദ്രനെ പരമദരിദ്രനും ആക്കുന്ന നയമാണ് ആഗോളീകരണ നയം. എന്നാൽ സംസ്ഥാനം ശ്രമിക്കുന്നത് അതിദരിദ്ര്യം പാടെ തുടച്ചുമാറ്റാനാണ്.
0.7 ശതമാനം മാത്രമാണ് കേരളത്തിൽ അതിദാരിദ്ര്യം. അത്രയും ന്യൂനമായ സംഖ്യ വേണമെങ്കിൽ എഴുതിത്തള്ളാമായിരുന്നു. എന്നാൽ അതിദരിദ്ര്യം അനുഭവിക്കുന്ന ഒരാൾ പോലും ഉണ്ടാകരുത് എന്നാണ് സർക്കാർ തീരുമാനിച്ചത്. ഇക്കഴിഞ്ഞ നവംബർ 1 ന് അതിദരിദ്രരായി കണ്ടത്തിയവരിൽ 40 ശതമാനത്തിൽ അധികം പേരെയും ആ പട്ടികയിൽ നിന്നും മോചിപ്പിച്ചു കഴിഞ്ഞു.
മാനവവികസന സൂചിക, സാമ്പത്തിക അസമത്വ സൂചിക, ആരോഗ്യ മേഖലയിൽ പണം ചെലവഴിക്കൽ, മാധ്യമ സ്വാതന്ത്ര്യം എന്നിവയില്‍ നല്ല അവസ്ഥയിലല്ല രാജ്യമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ മതേതരത്വം, ഫെഡറലിസം എന്നിവ വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുകയാണ്. 2016 ന് മുൻപുള്ള കേരളം അല്ല ഇപ്പോഴുള്ളതെന്നും ഇവിടെ നടക്കില്ല എന്ന് കരുതിയ നിരവധി വികസന പ്രവർത്തികൾ നടന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഐ.ടി മേഖലയിൽ 26,000 തൊഴിലവസരങ്ങൾ ഉണ്ടായിരുന്നത് 7 വർഷത്തിനുള്ളിൽ 62,000 ആയി ഉയർന്നു. കാർഷിക മേഖലയിലെ വളർച്ച നിരക്ക് 4 ശതമാനമായി. 4,300 കോടി രൂപയാണ് വിദ്യാഭ്യാസ മേഖലയിൽ നിക്ഷേപിച്ചത്. ഇതിന്‍റെ പ്രയോജനം 2300 സ്‌കൂളുകൾക്ക് ലഭിച്ചു. മറ്റൊരു സംസ്ഥാനത്തിനും കഴിയാത്തവിധം 60 ലക്ഷം പേർക്കാണ് പ്രതിമാസം 1600 രൂപ സാമൂഹ്യ സുരക്ഷ പെൻഷനായി നൽകുന്നത്. വിവിധ മേഖലകളിൽ ചെലവിട്ട തുകകളും നടപ്പാക്കിയ പ്രവർത്തനങ്ങളും മുഖ്യമന്ത്രി വിശദീകരിച്ചു.
പരിപാടിയില്‍ റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്‍ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ അഹമ്മദ് ദേവര്‍കോവില്‍, റോഷി അഗസ്റ്റിന്‍, കെ.കൃഷ്‌ണന്‍ കുട്ടി, എ.കെ.ശശീന്ദ്രന്‍, കെ ആന്‍റണി രാജു എന്നിവര്‍ സംസാരിച്ചു.
also read: 'ബസിലെ ആഢംബരമെന്തെന്ന് തനിക്ക് മനസിലായില്ല, മാധ്യമ പ്രവര്‍ത്തകര്‍ക്ക് പരിശോധിക്കാം': മുഖ്യമന്ത്രി