കാസർകോട്: പൊതുമേഖല സ്ഥാപനമായ കാസർകോട്ടെ കെഇഎല്‍ ഇലക്‌ട്രിക്കല്‍ മെഷിൻസ് (കെല്‍ ഇ.എം.എൽ ) ജീവനക്കാർക്ക് നൽകാനുള്ള ശമ്പള കുടിശിക നാലാഴ്‌ചയ്‌ക്കകം നൽകണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍റെ ഉത്തരവ്. കമ്പനി ജീവനക്കാർ രണ്ട് വർഷം മുമ്പ് നൽകിയ പരാതിയിലാണ് മനുഷ്യാവകാശ കമ്മിഷന്‍റെ ഇടപെടൽ. കെല്‍ ഇ.എം.എൽ കമ്പനിയിൽ ശമ്പളം മുടങ്ങുകയും 2020 മാർച്ചിൽ കമ്പനി അടച്ചിടുകയും ചെയ്‌ത പശ്ചാത്തലത്തിൽ 2020 ഡിസംബർ 18നാണ് ജീവനക്കാർ മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചത്.
![national human rights commission keleml kel electrical machines ltd salary crisis keleml salary crisis latest news in kasargode latest news today കെല്‍ഇഎംഎല്‍ ശമ്പള കുടിശിക ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ രണ്ട് വർഷം മുമ്പ് നൽകിയ പരാതി കാസർകോട് ഏറ്റവും പുതിയ വാര്‍ത്ത ഇന്നത്തെ പ്രധാന വാര്‍ത്ത](https://etvbharatimages.akamaized.net/etvbharat/prod-images/ksd-kl2-kellemlhumenrightcommission-7210525_22112022145602_2211f_1669109162_1095.jpg)
കമ്പനി പൂട്ടിയതോടെ ഇരുന്നൂറോളം തൊഴിലാളികൾ പ്രതിസന്ധിയിലായിരുന്നു. പിന്നീട് രണ്ട് വർഷം നീണ്ട സമരങ്ങൾക്കും, നിയമ പോരാട്ടങ്ങൾക്കും ശേഷമാണ് കഴിഞ്ഞ ഏപ്രിൽ ഒന്നിന് കമ്പനി സംസ്ഥാന സർക്കാർ ഏറ്റെടുത്തത്. പൂട്ടിയിട്ട കാലത്തെ ശമ്പള കുടിശിക തീർത്ത് നൽകാമെന്ന് സർക്കാർ ഉറപ്പുനൽകിയെങ്കിലും നടപ്പിലായില്ല.
ഒടുവിൽ വിഷയത്തിൽ മനുഷ്യാവകാശ കമ്മിഷന്‍റെ ഇടപെടലുണ്ടായതിലെ ആശ്വാസത്തിലാണ് തൊഴിലാളികൾ. കമ്പനി പൂട്ടിയിട്ട കാലത്തെ ശമ്പളകുടിശ്ശിക, പി.എഫ് വിഹിതം, വിരമിച്ചവരുടെ ഗ്രാറ്റ്‌വിറ്റി ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നാലാഴ്‌ചയ്‌ക്കകം നൽകാനാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍റെ ഉത്തരവ്. വിതരണം പൂർത്തിയാക്കി ആറാഴ്ച്ചക്കകം റിപ്പോർട്ട് നൽകണമെന്നും സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കമ്മിഷൻ നിർദേശം നൽകിയിട്ടുണ്ട്.