കാസർകോട്: ഗോവയിലെ റിസോർട്ടിൽ ആത്മഹത്യ ചെയ്‌ത മലയാളി പെൺകുട്ടിയുടെ മരണത്തിൽ ദുരൂഹത തുടരുന്നു. കാസർകോട് നീലേശ്വരം സ്വദേശിനിയായ ബിരുദ വിദ്യാർഥിനി അഞ്ജന ഹരീഷിനെയാണ് റിസോർട്ടിന് സമീപത്തെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. മകൾ ആത്മഹത്യ ചെയ്യില്ലെന്നും കൊലപാതകമാണെന്നും മാതാവും കുടുംബവും ആരോപിക്കുന്നു. തലശേരി ബ്രണ്ണൻ കോളജിലെ മൂന്നാം വർഷ ബിരുദ വിദ്യാർഥിനിയായിരുന്നു അഞ്ജന. വീട്ടുകാരുമായി അകന്ന് നിൽക്കുകയായിരുന്ന അഞ്ജന കോഴിക്കോട്ടെ ഫെമിനിസ്റ്റ് കൂട്ടായ്മയിലെ പ്രവർത്തകർക്കൊപ്പമായിരുന്നു താമസം. രണ്ട് മാസം മുൻപാണ് കോഴിക്കോട്ടെ യുവതിയെ ലീഗൽ കസ്റ്റോഡിയൻ ആയി പരിഗണിച്ച് ഹൊസ് ദുർഗ് കോടതി ഇവർക്കൊപ്പം വിട്ടത്.
ഇതിനിടയിൽ സമൂഹ മാധ്യമങ്ങളിലടക്കം അഞ്ജന ചിന്നു സുൽഫിക്കർ എന്ന് പേരു മാറ്റുകയും ചെയ്തിരുന്നു. ലോക്ക് ഡൗണിന് മുൻപ് ഗോവയിലേക്ക് കൂട്ടുകാർക്കൊപ്പം വിനോദയാത്ര പോയതായിരുന്നു അഞ്ജന. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ മടങ്ങിവരാനാവാതെ അവിടെ കുടുങ്ങി. മെയ് 13 നാണ് അഞ്ജനയെ മരിച്ച നിലയിൽ കണ്ടത്. ഗോവ പൊലീസാണ് നാട്ടിൽ ബന്ധുക്കളെ അഞ്ജന ആത്മഹത്യ ചെയ്തതായ വിവരമറിയിച്ചത്. എന്നാൽ മകളുടേത് കൊലപാതകമാണെന്ന് സംശയിക്കുന്നതായി അമ്മ മിനി പറഞ്ഞു. അന്വേഷണമാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകാനാണ് തീരുമാനം.
നാല് മാസം മുൻപ് മകളെ കാണാനില്ലെന്ന് കാണിച്ച് അമ്മ മിനി പരാതി നൽകിയിരുന്നു. കോഴിക്കോട് കണ്ടെത്തിയ അഞ്ജനയെ മാതാവിനൊപ്പം വിട്ടു. പിന്നീട് കൊയമ്പത്തൂരിൽ ലഹരി വിമോചന കേന്ദ്രത്തിലെ ചികിത്സക്ക് ശേഷം വീട്ടിൽ തിരിച്ചെത്തിയ അഞ്ജന മാർച്ച് ആദ്യം കോളജിൽ പോയിരുന്നു. തിരിച്ചു വരാത്തതിനെ തുടർന്ന് അമ്മ മിനി വീണ്ടും പൊലീസിൽ പരാതി നൽകി. എന്നാൽ അഞ്ജനയുടെ താൽപ്പര്യപ്രകാരം ലീഗൽ കസ്റ്റോഡിയനൊപ്പം വിടുകയായിരുന്നു. പിന്നീടാണ് മൂന്ന് കൂട്ടുകാർകൊപ്പം ഗോവയിൽ പോയതും ആത്മഹത്യ ചെയ്ത നിലയിൽ കാണപ്പെട്ടതും. അതേസമയം ഗോവയിൽ വെച്ച് അഞ്ജന പീഡനത്തിനിരയായെന്ന വിവരവും ഇപ്പോൾ പുറത്ത് വരുന്നുണ്ട്.