കാസർകോട്: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ പ്രത്യേക സംഘത്തിന്‍റെ അന്വേഷണം പുരോഗമിക്കവെ ഗുരുതര ആരോപണങ്ങളുമായി നിക്ഷേപകര്‍. ചെയര്‍മാനായ എം സി ഖമറുദ്ദീന്‍ എംഎല്‍എക്കും എം ഡി പൂക്കോയ തങ്ങള്‍, ഇയാളുടെ മകനടക്കമുള്ള മറ്റു ഡയറക്‌ടര്‍മാര്‍ക്കും ബിനാമി ഇടപാടുകളുണ്ടെന്ന ആരോപണമാണ് ഉയരുന്നത്. ജ്വല്ലറിക്കായി കോടികള്‍ പിരിച്ച് മറ്റു ഇടപാടുകള്‍ നടത്തിയിട്ടുണ്ടെന്നും നിക്ഷേപകര്‍ പറയുന്നു.
2017 മുതല്‍ ജ്വല്ലറി നഷ്ടത്തിലാണെന്നും പൂട്ടേണ്ട സാഹചര്യമുണ്ടാവുമെന്നും ചെയര്‍മാന്‍ എം സി ഖമറുദ്ദീന്‍ പറഞ്ഞിരുന്നു. എന്നിട്ടും 2019ല്‍ ജ്വല്ലറികള്‍ അടക്കുന്നതിന് രണ്ട് മാസം മുന്‍പ് വരെയും നിക്ഷേപം സ്വീകരിച്ചത് ബിനാമി ഇടപാടുകള്‍ നടത്താനാണെന്നാണ് പരാതിക്കാര്‍ ഉന്നയിക്കുന്ന ആരോപണം. ഇപ്പോള്‍ ഉയര്‍ന്നുവന്ന പരാതികള്‍ എല്ലാം രാഷ്ട്രീയ പ്രേരിതമാണെന്ന വാദം എംഎല്‍എ ഉയര്‍ത്തുമ്പോഴാണ് കേസില്‍ നിര്‍ണായകമായേക്കാവുന്ന വിവരങ്ങള്‍ കൂടി നിക്ഷേപകര്‍ പുറത്തു വിടുന്നത്.
ഫാഷന്‍ ഗോള്‍ഡ് ജീവനക്കാര്‍ അടക്കം ഇതര സംസ്ഥാനങ്ങളില്‍ ബിസിനസുകള്‍ തുടങ്ങാനായി ജ്വല്ലറിയില്‍ നിന്നും പണവും സ്വര്‍ണവും കടത്തിയിട്ടുണ്ടെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്. അതേ സമയം നിക്ഷേപ തട്ടിപ്പ് കേസില്‍ പ്രത്യേക സംഘത്തിന്‍റെ അന്വേഷണം നിര്‍ണായക ഘട്ടത്തിലാണ്. കൂടുതല്‍ ഡയറക്‌ടര്‍മാരെ അന്വേഷണ സംഘം ചോദ്യം ചെയ്‌തിട്ടുണ്ട്. ജില്ലയിലെ നാലിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ നിന്നും രേഖകള്‍ പിടിച്ചെടുത്തു. രജിസ്ട്രാര്‍ ഓഫ് കമ്പനീസില്‍ നിന്നും ലഭിച്ച ജ്വല്ലറിയുമായി ബന്ധപ്പെട്ട രേഖകളും പരിശോധിക്കുന്നുണ്ട്. കമ്പനി നിയമങ്ങള്‍ക്ക് വിധേയമായിട്ടല്ല ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറിക്കായി പണം നിക്ഷേപമായി സ്വീകരിച്ചതെന്ന് ഇതിനകം അന്വേഷണ സംഘത്തിന് ബോധ്യപ്പെട്ടിട്ടുണ്ട്.