കാസർകോട്: ചിറ്റാരിക്കാൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡിസ്ട്രിക്‌ട് കോ-ഓപ്പറേറ്റീവ് റബ്ബർ മാർക്കറ്റിങ് സൊസൈറ്റിയിൽ കോടികളുടെ നിക്ഷേപ തട്ടിപ്പ് നടന്നതായി പരാതി. കർഷകരിൽ നിന്ന് സ്വീകരിച്ച പത്ത് കോടിയോളം രൂപയുടെ സ്ഥിരം നിക്ഷേപത്തിന് പലിശയോ മുതലോ തൽകാതെ ഭരണ സമിതി തട്ടിപ്പ് നടത്തുന്നുവെന്നാണ് കർഷകരുടെ ആരോപണം. 200ഓളം കർഷകർ തട്ടിപ്പിന് ഇരയായെന്നും ഇവർ പറയുന്നു.
നാൽപത് വർഷമായി മലയോര റബ്ബർ സംഭരണ കേന്ദ്രം കൂടിയായിരുന്ന സ്ഥാപനത്തിൽ അംഗങ്ങൾ അല്ലാത്തവർ ഉൾപ്പടെ പണം നിക്ഷേപിച്ചിരുന്നു. 2015 വരെ പരാതികളില്ലാതെ സ്ഥാപനത്തിന്‍റെ പ്രവർത്തനം മുന്നോട്ടുപോയി. എന്നാൽ പിന്നീട് കാര്യങ്ങൾ മാറി മറിഞ്ഞു.
കഴിഞ്ഞ ഏഴ് വർഷമായി മുതലോ, പലിശയോ ലഭിച്ചിട്ടില്ലന്ന് നിക്ഷേപകർ പറയുന്നു. പത്ത് കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നുവെന്നാണ് കർഷകരുടെ ആരോപണം. ഒരു ലക്ഷം മുതൽ മുപ്പതു ലക്ഷം രൂപവരെ കിട്ടാൻ ഉള്ളവരുണ്ടെന്നും ഇവർ പറയുന്നു.
'സ്ഥിരം നിക്ഷേപമായും അല്ലാതെയും ചെറിയ തുക മുതൽ മുപ്പത് ലക്ഷം വരെ നിക്ഷേപിച്ചവരുണ്ട്. അടിയന്തര ആവശ്യങ്ങളുമായി സൊസൈറ്റിയെ സമീപിച്ചിട്ടും നിക്ഷേപ തുക തിരിച്ചുനൽകാനോ അനുഭാവപൂർവമായ നടപടി സ്വീകരിക്കാനോ ഭരണസമിതി തയ്യാറായിട്ടില്ല'. തുക ലഭിക്കാതായതോടെ പലരും കടക്കെണിയിൽ ആയെന്നും കർഷകർ പറയുന്നു.
വിഷയത്തിൽ നിക്ഷേപകരുടെ കൂട്ടായ്‌മ രൂപീകരിച്ച് മുഖ്യമന്ത്രിക്ക് ഉൾപ്പടെ പരാതി നൽകിയിട്ടും ഫലമുണ്ടായില്ലന്നും കർഷകർ പറയുന്നു. നിക്ഷേപകർക്ക് പുറമെ ജീവനക്കാർക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ ഉൾപ്പടെ ഭരണസമിതി തടഞ്ഞുവച്ചുവെന്നും പരാതിയുണ്ട്. നിയമപരമായി മുന്നോട്ടു പോകുന്നതിനൊപ്പം സ്ഥാപനത്തിന് മുന്നിൽ അനിശ്ചിതകാല സമരത്തിനൊരുങ്ങുകയാണെന്നും നിക്ഷേപകർ അറിയിച്ചു.